ഗുവാഹത്തി: അസമില്‍ കൊക്രജാര്‍ ജില്ലയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു. ഗുവാഹത്തി സിഫുങ് പാസഞ്ചര്‍ ട്രെയിനാണ് പാളം തെറ്റിയത്. ശനിയാഴ്ച രാവിലെ 5.15 ന് സാലക്തി സ്റ്റേഷനും ബസുഗാവിനും ഇടയിരുന്നു അപകടം.
പാലം കടക്കുമ്പോള്‍ ട്രെയിനിന്‍്റെ അഞ്ചു ബോഗികള്‍ പാളം തെറ്റുകയായിരുന്നു. ട്രെയിനിന്റെ രണ്ടു ബോഗികള്‍ പാലത്തിനു താഴേക്ക് തൂങ്ങിയ നിലയിലാണ്. മറ്റു രണ്ടു ബോഗികള്‍ കൂട്ടിയിടിച്ച് ഉയര്‍ന്നു നില്‍ക്കുകയാണ്. ട്രെയിന്‍ സാധാരണ വേഗത്തിലാണ് പോയിക്കൊണ്ടിരുന്നതെന്നും അപകടകാരണം വ്യക്തമല്ലെന്നും നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എഞ്ചിന് ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിനിലുണ്ടായിരുന്ന എല്ലാ യാത്രക്കാരേയും അപകടസ്ഥലത്ത് നിന്നും മാറ്റിയതായി വടക്ക് കിഴക്കന്‍ റെയില്‍വേ വക്താവ് ജയംത ശര്‍മ അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് റെയില്‍വേ ട്രാക്കുകള്‍ തകരാറിലായതിനാല്‍ മറ്റ് ട്രെയിനുകള്‍ വൈകിയായിരിക്കും ഓടുക എന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.
















