ന്യൂദല്‍ഹി: രാഷ്‌ട്രം നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ടു കണ്ട് പഠിക്കാനും അവ പരിഹരിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും യുവജനങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ വന്‍പദ്ധതി തുടങ്ങുന്നു.ഇതിന് കേന്ദ്രസര്‍ക്കാര്‍ യുവതീ യുവാക്കളെ തെരഞ്ഞെടുക്കാന്‍ ഒരുങ്ങുകയാണ്. ‘ഏക് സാല്‍ ദേശ് കെ നാം’ എന്നതാണ് പദ്ധതി.
പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്ന യുവതീ യുവാക്കള്‍ ഒരു വര്‍ഷം സ്വന്തം നാടുവിട്ട് കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്ന പ്രദേശത്ത് പ്രവര്‍ത്തിക്കണം. 20 മുതല്‍ 29 വയസ് വരെയുള്ളവരെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക. പ്രതിമാസം 25,000 രൂപ മുതല്‍ 30,000 രൂപ വരെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. നെഹ്രു യുവകേന്ദ്രയുമായി ബന്ധപ്പെട്ടാണ് പുതിയ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
പദ്ധതിയുടെ വിശദ വിവരങ്ങള്‍ നെഹ്രു യുവകേന്ദ്ര ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും. ബിരുദധാരികള്‍ക്കും അല്ലാത്തവര്‍ക്കും പദ്ധതിക്കായി അപേക്ഷിക്കാം. ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനവുമായോ സന്നദ്ധ സംഘടനയുമായോ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. ദേശീയ തലത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമായി നടത്തുന്ന പരീക്ഷയും അഭിമുഖവും വിജയകരമായി പൂര്‍ത്തിയാക്കുന്നവരെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്.
രാജ്യത്തെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക്, ശുചിത്വമില്ലായ്‌മ, സ്ത്രീകളിലെ പ്രത്യുല്‍പ്പാദന പ്രശ്‌നങ്ങള്‍, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ട യുവതീയുവാക്കളെ നിയോഗിക്കും. ആദ്യ രണ്ടുമാസം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പരിശീലനത്തിന് ശേഷമായിരിക്കും ഇവരെ വിവിധ മേഖലകളിലേക്ക് നിയോഗിക്കുക. കുഗ്രാമങ്ങളിലും അതിര്‍ത്തി ഗ്രാമങ്ങളിലും താമസിച്ചു പ്രവര്‍ത്തിക്കണം. സാധാരണ ജനതയുടെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിച്ചുകൊണ്ടുള്ള വിശദമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ റിപ്പോര്‍ട്ട് രൂപത്തിലാക്കി നല്‍കുകയും വേണം. ആദ്യ ഘട്ടത്തില്‍ 350 പേരെയാണ് തെരഞ്ഞെടുക്കുന്നത്. ഇവര്‍ക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രാജീവ്ഗാന്ധി ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ യൂത്ത് ഡെവലപ്‌മെന്റിന്റെ സര്‍ട്ടിഫിക്കറ്റും നല്‍കും.
















