ദോഹ: ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഡ്രസ് റിഹേഴ്സല്‍ എന്നു വിലയിരുത്തപ്പെടുന്ന ദോഹ ഇന്റര്‍നാഷണല്‍ ബോക്സിങ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് തിളക്കമാര്‍ന്ന നേട്ടം. ഏഴ് ഇന്ത്യന്‍ ബോക്സര്‍മാര്‍ മെഡല്‍ ഉറപ്പിച്ചു. ദേവോന്ദ്രൊ സിങ് ഫൈനലില്‍ കടന്നപ്പോള്‍ ശിവ് ഥാപ്പ, ഗൗരവ് ബിധുരി, മന്ദീപ് ജാഗ്ര, മനീഷ് കുമാര്‍, മനോജ് കുമാര്‍, വികാസ് കൃഷ്ണന് എന്നിവര്‍ സെമിയില്‍.
49 കിലോഗ്രാം വിഭാഗത്തില്‍ ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച ദേവേന്ദ്രോയുടെ മുന്നേറ്റം അനായാസമായിരുന്നു. അടുത്ത എതിരാളിയായ ഖത്തറിന്റെ റഫീഖ് യെഹി അസുഖം കാരണം പിന്മാറിയതോടെ ദേവേന്ദ്രൊ ഫൈനലിലെത്തി. ശിവ് ഥാപ്പ (56 കിലോഗ്രാം) ജോര്‍ഡാന്റെ അല്‍ വാധി മുഹമ്മദിനെ അതിജീവിച്ചു. (3-0). മന്ദീപ് അഫ്ഗാനിസ്ഥാന് ബോക്സര്‍ അലഹ്ദാദ് റെഹ്മിയെയും മനോജ് മൊറോക്കോയുടെ യൂനസ് ബാദിയെയും തുരത്തി. വികാസിനും ഗൗരവിനും ബൈ ലഭിച്ചു. 12 രാജ്യങ്ങളിലെ താരങ്ങളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.
















