ന്യൂദല്‍ഹി: സര്‍ക്കാര്‍ ജോലിയില്‍ അഞ്ചു ശതമാനം സംവരണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗുജ്ജാര്‍ സമുദായം ആരംഭിച്ച ട്രെയിന്‍ തടയന്‍ സമരം റെയില്‍ ഗതാഗതം താറുമാറാക്കി. ദല്‍ഹി-രാജസ്ഥാന്, മുംബൈ-രാജസ്ഥാന് റൂട്ടുകളിലോടുന്ന എഴുപതോളം തീവണ്ടികളാണ് ഇന്നലെ സമരം മൂലം റദ്ദാക്കിയത്. ഇതോടെ ഈ റൂട്ടിലോടുന്ന തീവണ്ടികളുടെ റൂട്ടുകള്‍ പുനഃക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു.
രാജസ്ഥാനിലെ പ്രബല സമുദായമായ ഗുജ്ജറുകള്‍ ഭരത്പൂര്‍ ജില്ലയിലെ സമോഗര് ഗ്രാമത്തില്‍ മഹാപഞ്ചായത്ത് വിളിച്ചു ചേര്‍ത്തതുമായി ബന്ധപ്പെട്ടാണ് സമരത്തിന് തുടക്കം. ഗുജ്ജാര്‍ റിസര്‍വേഷന്‍ ഫ്രണ്ട് വിളിച്ച മഹാപഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയ ഗുജ്ജാറുകള്‍ റെയില്‍വേ ട്രാക്കുകള്‍ കയ്യടക്കുകയായിരുന്നു. ആയിരക്കണക്കിന് ഗുജ്ജാറുകള്‍ കിലോമീറ്ററുകളോളം നീളത്തില്‍ റെയില്‍വേ ട്രാക്കുകളില്‍ നിരന്നതോടെ രാജസ്ഥാന് വഴിയുള്ള റെയില്‍ ഗതാഗതം നിലച്ചു.
സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ഗുജ്ജാര്‍ സംവരണ സമരസമിതി വക്താവ് അറിയിച്ചു. ഗുജ്ജാര്‍ സമുദായത്തിന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെസിന്ധ്യയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഗുജ്ജാറുകളുടെ സംവരണ വിഷയം കോടതിയുടെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംവരണം നല്‍കാമെന്ന് ഗുജ്ജാറുകള്‍ക്ക് സര്‍ക്കാര്‍ വാക്കു നല്‍കിയിട്ടില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ ജോലിയ്ക്ക് മുന്‍യുപിഎ സര്‍ക്കാര്‍ ഗുജ്ജാര്‍ വിഭാഗത്തിനേര്പ്പെടുത്തിയ സംവരണം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തില്‍ സംവരണ വിഷയം കോടതി തീരുമാനിക്കട്ടെയന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.
2007 മുതല്‍ സംവരണം ആവശ്യപ്പെട്ട് ഗുജ്ജാറുകള്‍ സമര രംഗത്താണ്. അഞ്ച് ശതമാനം സംവരണം ഗുജ്ജാറുകള്‍ക്ക് നല്കിയാല് 50 ശതമാനം സംവരണമെന്ന പൊതുനിയമം അട്ടിമറിക്കപ്പെടും. വിഷയം നിയമപ്രശ്നമായി രാജസ്ഥാന് ഹൈക്കോടതിയുടെ മുന്നിലാണുള്ളത്. സംവരണം ആവശ്യപ്പെട്ട് ഇതിനു മുമ്പ് ഗുജ്ജാറുകള്‍ നടത്തിയ രണ്ട് സമരങ്ങള്‍ വലിയ സംഘര്‍ഷത്തിലാണ് അവസാനിച്ചത്. അതിനാല്‍ കനത്ത ജാഗ്രതയിലാണ് സംസ്ഥാന സര്‍ക്കാര്‍.
















