റാഞ്ചി: ഐപിഎല്ലില്‍ ഇന്ന് ഉഗ്രന്‍ അങ്കം. സെമി ഫൈനലിന് തുല്യമായ രണ്ടാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍. ചെന്നൈ ആറാം ഫൈനലാണ് ലക്ഷ്യമിടുന്നത; ബാംഗ്ലൂര്‍ മൂന്നാമത്തേതും. ജയിക്കുന്നവര്‍ 24ന് കപ്പിനായി മുംബൈ ഇന്ത്യന്‍സിനോട് മല്ലിടും. തോല്‍ക്കുന്നവര്‍ക്ക് നാട്ടിലേക്ക് വണ്ടികയറാം. രാത്രി എട്ടിനാണ് മത്സരം.
എട്ടുതവണ പ്ലേ ഓഫിന് അര്‍ഹത നേടി റെക്കോര്‍ഡിട്ട സൂപ്പര്‍ കിങ്‌സിന് ഇന്നും മനഃശാസ്ത്രപരമായ മുന്‍തൂക്കമുണ്ട്. സീസണിലെ രണ്ട് നേര്‍പ്പോരുകളിലും റോയല്‍ ചലഞ്ചേഴ്‌സിനെ ചെന്നൈ പരാജയപ്പെടുത്തിയിരുന്നു. മാത്രമല്ല നോക്കൗട്ട് മത്സരങ്ങളില്‍ സൂപ്പര്‍ കിങ്‌സിന്റെ വിജയശരാശരി ചില്ലറയല്ല. നായകന്‍ ധോണിയുടെ നാടായ റാഞ്ചിയിലാണ് മത്സരമെന്നതും ചെന്നൈയുടെ ആധിപത്യമേറ്റുന്ന മറ്റൊരുകാര്യം.
പക്ഷേ, കണക്കുകളെയും ചരിത്രത്തെയും കടത്തിവെട്ടാനുള്ള താരസമ്പത്തുണ്ട് റോയല്‍ ചലഞ്ചേഴ്‌സിന്റെ പക്കല്‍. ക്രിസ് ഗെയ്ല്‍, ക്യാപ്ടന്‍ വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ ഏതു ബൗളറുടെയും പേടിസ്വപ്‌നങ്ങളാണ്. മന്‍ദീപ് സിങ്ങിന്റ തകര്‍പ്പന്‍ അടികളും അവര്‍ക്ക് ഗുണം ചെയ്യും. മിച്ചല്‍ സ്റ്റാര്‍ക്കും ശ്രീനാഥ് അരവിന്ദും യശ്വേന്ദ്ര ചഹലും ചേര്‍ന്ന ബാംഗ്ലൂര്‍ ബൗളിങ് ലൈനപ്പ് മൂര്‍ച്ചയേറിയത്.
ഒന്നാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനോടേറ്റ തോല്‍വിയുടെ ആകുലതകളുണ്ട് സൂപ്പര്‍ കിങ്‌സിന്. എങ്കിലും അതൊക്കെ മറികടക്കാന്‍ അവര്‍ പ്രാപ്തര്‍. ചെന്നൈ ബാറ്റ്‌സ്മാന്‍മാരില്‍ ഫാഫ് ഡുപ്ലെസിസിനെയും സുരേഷ് റെയ്‌നയെയും എം.എസ്. ധോണിയെയും ഡ്വെയ്ന്‍ സ്മിത്തിനെയും ബാംഗ്ലൂര്‍ സൂക്ഷിച്ചേ മതിയാവൂ.
ഡ്വെയ്ന്‍ ബ്രാവോയുടെ ഓള്‍ റൗണ്ട് മികവും റോയല്‍ ചലഞ്ചേഴ്‌സിന് വെല്ലുവിളി തീര്‍ക്കും. ആശിഷ് നെഹ്‌റയും പവന്‍ നെഗിയും മോഹിത് ശര്‍മ്മയും രവീന്ദ്ര ജഡേജയും സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ്ങിനെ ആഴവും പരപ്പുമുള്ളതാക്കുന്നു.
















