ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതവുമായി ബന്ധപ്പെട്ട മുഴുവന്‍ ചരിത്ര രേഖകളും പൊതുസ്വത്താക്കി ദേശീയ ചരിത്ര മ്യൂസിയത്തില്‍ സൂക്ഷിക്കണമെന്ന് ആവശ്യം. നേതാജി സമാഹരിച്ച വന്കരുതല്നിധി സംരക്ഷിക്കാന്‍ ഇടപെടണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെടുന്ന കത്തുകള്‍ അന്നത്തെ പ്രധാനമന്ത്രി അവഗണിച്ചുവെന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നു. അതാണ് ഇപ്പോള്‍ ഈ ആവശ്യം ഉയരാന്‍ കാരണം. സമതാ പാര്‍ട്ടി മുന്‍ അദ്ധ്യക്ഷ ജയാ ജയ്റ്റ്ലി ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
ജയാ ജെയ്റ്റ്ലിയുടെ പിതാവ് കെ. കെ. ചേറ്റൂര്‍ 1948 മുതല്‍ 1952 വരെ ജപ്പാന് തലസ്ഥാനമായ ടോക്യോവില്‍ ഭാരത അംബാസിഡര്‍ ആയിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരേ ഐഎന്‍എയുടെ സായുധ സമരം നടത്താന്‍ നേതാജി സമാഹരിച്ച വന്‍ ധനശേഖരം അവിടെനിന്ന് നഷ്ടപ്പെടുന്നതു സംബന്ധിച്ച് ആദ്യം ഭാരത സര്‍ക്കാരിന് കത്തെഴുതിയത് അദ്ദേഹമാണ്. നേതാജിയുടെ രണ്ടുസഹപ്രവര്‍ത്തകരെ സംശയിക്കുന്നതായും അദ്ദേഹം സൂചന നല്കി. പക്ഷേ കത്ത് അധികൃതര്‍ കണക്കിലെടുത്തില്ല. ചേറ്റൂരിനു ശേഷം ആ സ്ഥാനത്തു നിയുക്തനായ എ. കെ. ധറും ഇതു സംബന്ധിച്ചു തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
എന്നാല്‍ ഇവരിരുവരും അന്നത്തെ പ്രധാനമന്ത്രിക്ക് ഓഫീസിലേക്കയച്ച നൂറ്റിയമ്പതോളം കത്തുകളില്‍ ഒന്നൊഴികെ ബാക്കി പരസ്യപ്പെടുത്തിയിട്ടില്ല. അവയെല്ലാം അതീവ രഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണ്. നേതാജിയുമായി ബന്ധപ്പെട്ട ചരിത്രങ്ങള്‍ പരസ്യമാക്കണമെന്ന നേതാജിയുടെ ബന്ധുക്കളുടെ ആവശ്യം കൊല്ക്കൊത്തയില്വെച്ച് പ്രധാനമന്ത്രി മോദി പരിഗണിക്കുമെന്നറിയിച്ചിരുന്നു. മെയ് ഒമ്പതിനായിരുന്നു കൂടിക്കാഴ്ച.
നേതാജിയുമായി ബന്ധപ്പെട്ട എല്ലാരേഖകളും, പ്രത്യേകിച്ച് ഐഎന്‍എ നിധിയുമായി ബന്ധപ്പെട്ട അഴിമതി തുറന്നു കാട്ടാന്‍ എന്റെ അച്ഛന് നടത്തിയ പരിശ്രമങ്ങളുമായി ബന്ധപ്പെട്ടവ പ്രസിദ്ധീകരിക്കുകയും ജനങ്ങള്‍ക്കുപകാര പ്രദമാക്കുകയും ചരിത്രത്തിന്റെ ഭാഗമാക്കുകയും വേണമെന്ന് ജയാ ജെയ്റ്റ്ലികത്തില് പറയുന്നു.
















