ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശില്‍ അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ഇര്‍ഫാന് മുംബൈ ഭീകരാക്രമണക്കേസ് പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി ബന്ധമുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. നേപ്പാള്‍ ഭൂകമ്പത്തിനിടെ ജയിലില്‍ നിന്നും രക്ഷപെട്ട് യുപിയില്‍ ഒളിച്ചു കഴിയുകയായിരുന്നു ഇയാള്‍. ഇര്‍ഫാനെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘം കഴിഞ്ഞദിവസമാണ് ഇയാളെ അറസ്റ്റുചെയ്തത്.
വ്യാജരേഖകള്‍ നല്‍കി നേപ്പാള്‍ പൗരത്വത്തിന് ശ്രമിച്ചെന്ന കേസില്‍ 2010 മുതല്‍ ഇയാള്‍ നേപ്പാളില്‍ ശിക്ഷയനുഭവിച്ചു വരികയാണ്. അതിനിടെ ഏപ്രില്‍ 25ന് സിന്ദുപാല്‍ചൗക്കില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയുണ്ടായ ഭൂചലനത്തില്‍ ജയില്‍ ഭിത്തി തകര്‍ന്നതിനെ തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
26/11 മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഉന്നതനുമായ ഡേവിഡ് കോള്‍ മാന്‍ ഹെഡ്‌ലിയുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനെ അറിയിച്ചു. 166 പേരാണ് മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിയ്‌ക്കുന്ന ലഷ്‌കര്‍ ഇ തോയ്ബയുടേയും പങ്കാളിത്തത്തോടെയാണ് ഹെഡ്‌ലി മുംബൈയില്‍ ഭീകരാക്രമണം നടത്തിയത്.
യുഎസ് പോലീസിന്റെ പിടിയില്‍ അകപ്പെടുന്നതിനു മുമ്പ് ഹെഡ്‌ലി കാഠ്മണ്ഡുവില്‍ എത്തിയപ്പോള്‍ വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ഏല്‍പ്പിച്ചിരുന്നത് ഇര്‍ഫാനെയാണ്. മുംബൈ ഭീകരാക്രമണത്തിനു മുമ്പ് ഹെഡ്‌ലി ഇയാള്‍ക്കൊപ്പം കാഠ്മണ്ഡുവില്‍ താമസിച്ചിരുന്നു. അതിനുശേഷം ബെംഗളൂരു വഴി മുംബൈയിലേക്ക് കടക്കുകയായിരുന്നു.
ഭീകരാക്രമണത്തിനായി അനുയായികള്‍ക്ക് മുംബൈയില്‍ എത്തിച്ചേരാനുള്ള മാര്‍ഗ്ഗം പരിശോധിച്ച് തീരുമാനിക്കുന്നതിനാണ് ഹെഡ്‌ലി എത്തത്. മുംബൈ സ്‌ഫോടനക്കേസില്‍ വധശിക്ഷയ്‌ക്കു വിധിച്ച അബ്ദുള്‍ റഹ്മാന്‍ പാഷയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇര്‍ഫാന്‍ ഹെഡ്‌ലിയ്‌ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കിയിരുന്നത്. മുന്‍ പാക്കിസ്ഥാന്‍ ആര്‍മി മേജര്‍ ആയിരുന്നു പാഷ.
















