ന്യൂദല്‍ഹി: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്മദേശത്ത് പൊതുപരിപാടിയില്‍ പങ്കെടുക്കും. ഉത്തര്‍പ്രദേശിലെ മഥുരയ്ക്കടുത്ത് നാഗ്ല ചന്ദ്രഭാന്‍ ഗ്രാമത്തിലാണ് ഏകാത്മ മാനവ ദര്‍ശനത്തിന്റെ ഉപജ്ഞാതാവും ജനസംഘ സ്ഥാപകനുമായ ദീനദയാലിന്റെ ജന്മദേശം.
സര്‍ക്കാര്‍തലത്തില്‍ പണ്ഡിറ്റ് ദീനദയാലിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച് സാംസ്കാരിക വകുപ്പ് ആഘോഷപരിപാടികളുടെ രൂപരേഖ പ്രധാനമന്ത്രിയുടെ ഓഫീസിനു സമര്‍പ്പിച്ചു.
ഒരു വര്‍ഷത്തെ പരിപാടിയില്‍ മുഖ്യ ശുപാര്‍ശ ദീനദയാലിന്റെ പേരില്‍ ആഗോള നിലവാരത്തിലുള്ള വിജ്ഞാന കേന്ദ്രം സ്ഥാപിക്കാനാണ്. കര്‍ഷകര്‍, കുട്ടികള്‍, വനിതകള്‍ എന്നിവരുടെ ക്ഷേമത്തിനുള്ള വിവിധ പദ്ധതികള്‍ ഈ ശതാബ്ദി വാര്‍ഷികാഘോഷങ്ങളുടെ മുഖ്യ കേന്ദ്ര ബിന്ദുവാക്കാന്‍ ശുപാര്‍ശയുണ്ട്.
ജില്ലാ തലത്തില്‍ ലൈബ്രറികള്‍ നിലവാരമുയര്‍ത്താനും വിവിധ സാംസ്കാരിക പ്രസ്ഥാനങ്ങളെയും കലാരൂപങ്ങളെയും പ്രോത്സാഹിപ്പിക്കാനുമുള്ള പദ്ധതികള്‍ ആഘോഷത്തിന്റെ ശുപര്ശയിലുണ്ട്.
















