ന്യൂദല്‍ഹി: ശാരദ ഗ്രൂപ്പ് മേധാവി സുദീപ്ത സെന്നിന്റെ ഏറ്റവും അടുത്ത സഹായി അരിന്ദം ദാസ് എന്ന ബുംബ അറസ്റ്റില്‍. കോടികളുടെ ചിട്ടി തട്ടിപ്പ് കേസില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ദാസ് ഇന്നലെ രാവിലെയാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
ശാരദ ഗ്രൂപ്പിന്റെ സൗത്ത് 24 പര്‍ഗനയിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് ദാസ് ആയിരുന്നു. ശാരദ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ശാരദ ഗാര്‍ഡന്‍സ്, ശാരദ റിയാല്‍റ്റി, ശാരദ കണ്‍സ്ട്രക്ഷന്‍സ് സ്ട്രാറ്റജിക് മീഡിയ എന്ന പേരില്‍ കമ്പനികള്‍ നടത്തി കോടികള്‍ തട്ടിപ്പുനടത്തിയെന്നുള്ളതാണ് ഗ്രൂപ്പ് മേധാവി സുദീപ്ത സെന്നിനെതിരെയുള്ള ആരോപണം.
കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കുനാല്‍ ഘോഷിനേയും വഞ്ചനാകുറ്റത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സെന്നിന്റെ മറ്റൊരു സഹായി ദേബ്ജാനി മുഖര്‍ജിയേയും കേസില്‍ പങ്കാളിത്തമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു.
സുപ്രീംകോടതിയാണ് ശാരദ ചിട്ടിതട്ടിപ്പ് കേസിന്റെ അന്വേഷണം സിബിഐക്കു കൈമാറിയത്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി), ആര്‍ബിഐ എന്നിവയുമായി സഹകരിച്ച് ജോയിന്റ് ഡയറക്ടര്‍ രാജീവ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.
















