മുംബൈ: ഐപിഎല്ലിന്റെ രണതീവ്രത ഇനി പ്ലേഓഫ് തലത്തിലേക്ക്. ആദ്യ ക്വാളിഫയറില്‍ വാംഖഡെ സ്റ്റേഡിയത്തില്‍ ഇടയുന്നത് മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും. പോയിന്റ് ടേബിളില്‍ ഒന്നാംസ്ഥാനത്തോടെ മുന്നേറിയ സൂപ്പര്‍ കിങ്സും തൊട്ടുപിന്നിലെത്തിയ ഇന്ത്യന്‍സും തമ്മില്‍ ഉരസുമ്പോള്‍ തീപാറുമെന്നുറപ്പ്. രാത്രി എട്ടിനാണ് മത്സരം.
മുംബൈയും ചെന്നൈയും ഏറെക്കുറെ തുല്യശക്തികളാണെന്നു വിലയിരുത്താം. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇരുസംഘങ്ങളും നേര്‍ക്കുനേര്‍ വന്നത് ഇരുപതു തവണ. പത്തുകളി വീതം ഇരുവരും ജയിച്ചു. ഇക്കുറി സ്വന്തം കളത്തില്‍ മുംബൈ ചെന്നൈയോട് ആറു വിക്കറ്റിന് തോല്‍വിവഴങ്ങി. എന്നാല്‍ ചെന്നൈയില്‍ ചെന്ന് അതേ നാണയത്തില്‍ തിരിച്ചടി നല്കിയ ഇന്ത്യന്‍സ് മോശക്കാരല്ലെന്നു തെളിയിച്ചു. ടൂര്‍ണമെന്റിന്റെ ആരംഭത്തിലെ തോല്‍വികളെ വകഞ്ഞുമാറി ഉശിരന്‍ പ്രകടനത്തോടെയാണ് മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചത്. അവസാന എട്ടു കളികളില്‍ ഏഴിലും അവര്‍ ജയിച്ചു. മറുവശത്ത് ഒന്നാമന്മാരായെങ്കിലും ചെന്നൈ അവസാന ചില മത്സരങ്ങളില്‍ പാളിപ്പോയി, ഏഴില്‍ നാലെണ്ണത്തിലു അവര്‍ തോല്‍വി വഴങ്ങി.
താരബലത്തില്‍ ഒന്നിനൊന്നിന് മെച്ചമാണ് രണ്ടു പടകളും. നായകന് എം.എസ്.ധോണിയും വെസ്റ്റിന്‍ഡ്യന്‍ പിഞ്ച് ഹിറ്റര്‍ ഡ്വെയ്ന്‍ സ്മിത്തും ഫാഫ് ഡുപ്ലെസിസും മോശക്കാരല്ല. സുരേഷ് റെയ്നയും ചേരുമ്പോള്‍ ചെന്നൈ ബാറ്റിങ് നിരയുടെ ശക്തി പ്രവചനാതീതം. അതിലെല്ലാം ഉപരി ഡ്വെയ്ന്‍ ബ്രാവോയുടെ ഓള് റൗണ്ട് മികവിലാണ് ചെന്നൈ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നത്. എങ്കിലും ബ്രണ്ടന്‍ മക്കല്ലത്തിന്റെ അഭാവം ധോണിപ്പടയ്ക്ക് തിരിച്ചടിയാണ്.
ന്യൂസിലാന്റിനുവേണ്ടി ബാറ്റേന്താന്‍ നാട്ടിലേക്ക് വിമാനം കയറിക്കഴിഞ്ഞു മക്കല്ലം. ഈ സാഹചര്യത്തില്‍ ഓസീസ് വെറ്ററന്‍ മൈക്കല്‍ ഹസി സ്മിത്തിനൊപ്പം ഓപ്പണ്‍ ചെയ്തേക്കും. പന്തേറുകാരില്‍ ആശിഷ് നെഹ്റയും മോഹിത് ശര്‍മ്മയും മുംബൈ ബാറ്റ്സ്മാന്മാര്ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നത് നിസ്തര്‍ക്കം. പവന് നെഗിയും ആര്.അശ്വിനും രവീന്ദ്ര ജഡേജയും ഇന്ത്യന്‍സിന്റെ മധ്യനിരയെ പരീക്ഷിക്കാന്‍ പ്രാപ്തര്‍.
ഓപ്പണര്‍മാരായ പാര്‍ഥിപ് പട്ടേലും ലെന്‍ഡല്‍ സിമ്മണ്‍സും ഫോമിലുള്ളതാണ് മുംബൈ ഇന്ത്യന്‍സിന്റെ പ്ലസ് പോയിന്റ്. ക്യാപ്ടന് രോഹിത് ശര്‍മ്മയും കെയ്റോണ്‍ പൊള്ളാര്‍ഡും അമ്പാട്ടി റായിഡുവും അവരുടെ ബാറ്റിങ്ങിന്റെ ആഴം വര്‍ധിപ്പിക്കുന്നു. ലസിത് മലിംഗയും മിച്ചല്‍ മക് ക്ലനാഗനും ആതിഥേയരുടെ പന്തേറിനെ നയിക്കും. ഹര്ഭജന് സിങ്, ജഗദീഷ് സുചിത്ത് എന്നിവരുടെ കുത്തിത്തിരുവകള് ഇന്ത്യന്‍സിന്റെ ബൗളിംഗിന്റെ വൈവിധ്യം കൂട്ടുന്ന ചേരുവകളില്പ്പെടുന്നു.
















