ലണ്ടന്‍: വിഖ്യാതതാരം സ്റ്റീവന്‍ ജെറാഡിനെ ജയത്തോടെ യാത്രയയ്ക്കാനാണ് ആന്‍ഫീല്‍ഡിലെ നിറഞ്ഞ ഗാലറിയും കളിക്കൂട്ടുകാരുമൊക്കെ കൊതിച്ചത്. പക്ഷേ, ആഘോഷം നുരയ്ക്കാന്‍ ലിവര്‍പൂള്‍ നിറച്ചുവച്ച വീഞ്ഞുപാത്രങ്ങള്‍ ക്രിസ്റ്റല്‍ പാലസ് തട്ടിത്തെറിപ്പിച്ചു.
ഒന്നിനു മൂന്നു ഗോളുകള്‍ പകരംവച്ച് പ്രീമിയര്‍ ലീഗിലെ കളി ജയിച്ച സന്ദര്‍ശകര്‍ ജെറാഡിന്റെ ഹോം ഗ്രൗണ്ടിലെ വിടവാങ്ങല്‍ പാര്‍ട്ടിയെ അലങ്കോലമാക്കി. അങ്ങനെ ജെറാഡിന്റെ രണ്ടരപതിറ്റാണ്ടു നീണ്ട ലിവര്‍പൂള്‍ കരിയറിന് നൊമ്പരത്തോടെ അന്ത്യം.
9-ാം വയസില്‍ ലിവര്‍പൂളിന്റെ യൂത്ത് ക്ലബ്ബിലെത്തിയ ജെറാഡ് 17 വര്‍ഷം ക്ലബ്ബിന്റെ സീനിയര്‍ ടീമില്‍ ഇടംപിടിച്ചു. 503 മത്സരങ്ങളില്‍ 119 ഗോളുകള്‍ സമ്പാദിച്ചു. ചാമ്പ്യന്‍സ് ലീഗടക്കം റെഡ്സിന്റെ നേട്ടങ്ങളില്‍ പങ്കാളിയായ ആ സൂപ്പര്‍ താരം അടുത്ത സീസണില്‍ യുഎസ് മേജര്‍ സോക്കര്‍ ലീഗ് ടീം ലോസ് ആഞ്ചലസ് ഗ്യാലക്സിക്കുവേണ്ടി പന്തു തട്ടും. വികാരനിര്‍ഭരമായ യാത്രയയ്പ്പാണ് ആന്‍ഫീല്‍ഡ് ജെറാഡിന് നല്‍കിയത്.
ആദം ലല്ലാനയുടെ ഗോളില്‍ 26-ാം മിനിറ്റില്‍ ലിവര്‍ മുന്നില്ക്കയറിയപ്പോള് ജെറാഡും ആരാധകരുമെല്ലാം മനസു നിറഞ്ഞു ചിരിച്ചു. എന്നാല്‍ ആ മുഖപ്രസാദം അധികനേരം നിലനിര്‍ത്താനായില്ല അവര്‍ക്ക്. ലിവര്‍പൂള്‍ പ്രതിരോധത്തിലെ വിടവുകള്‍ മുതലെടുത്ത യാനിച്ച് ബൊലാസിയും ജാസന്‍ പഞ്ചിയോണുമൊക്കെ ഇരമ്പിക്കളിച്ചു. 43-ാം മിനിറ്റില്‍ പഞ്ചിയോണ് ഫ്രീ കിക്കിലൂടെ ക്രിസ്റ്റല്‍ പാലസിനെ ഒപ്പമെത്തിച്ചു (1-1).
പിന്നെ വില്‍ഫ്രഡ് സാഹ (60-ാം മിനിറ്റ്) അവരെ മുന്നില്കടത്തി (2-1). ഇഞ്ചുറി ടൈമില്‍ ഗ്ലെന്‍ മുറെയും മൂര്ച്ചകാട്ടുമ്പോള് ലിവര്‍പൂള്‍ കരകയറാനാവാത്ത കയത്തില്പെട്ടുപോയി.
















