മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരായ അതിനിര്‍ണായക മത്സരത്തില്‍, ഏറെക്കാലമായി കളത്തിലില്ലാതിരുന്ന ഓള് റൗണ്ടര്‍ അസര്‍ മൊഹമ്മൂദിനെ കളിപ്പിച്ചതിനെ ന്യായീകരിച്ച് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ മാര്‍ഗനിര്‍ദേശകനായ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക്വസ് കാലിസ്. കളിയില്‍ 9 റണ്‍സിന് പരാജയപ്പെട്ട നൈറ്റ്റൈഡേഴ്സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. പന്തെറിഞ്ഞപ്പോള്‍ മൂന്ന് ഓവറില്‍ 41 റണ്‍സ് വഴങ്ങിയ അസര്‍ മൊഹമ്മൂദിന് (6) ബാറ്റുകൊണ്ടും തിളങ്ങാനായില്ല.
ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ഷെയ്ന് വാട്സന്റെ (104 നോട്ടൗട്ട്) സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 6ന് 199 റണ്‍സ് അടിച്ചുകൂട്ടി. കൊല്‍ക്കത്തയുടെ മറുപടി 9ന് 190ല്‍ അവസാനിച്ചു. യൂസഫ് പഠാനും (44) ആന്ദ്രെ റസലും (37) മാത്രമേ കൊല്‍ക്കത്ത നിരയില്‍ പൊരുതിയുള്ളു. നാലു വിക്കറ്റ് പിഴുത ക്രിസ് മോറിസാണ് നൈറ്റ് റൈഡേഴ്സിനെ തകര്‍ത്തത്.
പ്രയാസമുള്ളൊരു തീരുമാനം.
പിച്ചില്‍ പുല്ലുണ്ടായിരുന്നു. സീമര്‍മാരെ സഹായിക്കുമെന്നു തോന്നിച്ചു. സ്പിന്നിന് കാര്യമായ തുണയൊന്നും ലഭിച്ചില്ല. അസറിനെ ഉള്‍പ്പെടുത്തിയാല്‍ സീം ബൗളിങ്ങിന്റെയും ബാറ്റിങ്ങിന്റെയും ഗുണം ലഭിക്കുമെന്നു കരുതി, കാലിസ് പറഞ്ഞു. നമ്മള് സാധാരണയായി അണിനിരത്താറുള്ള സംഘമായിരുന്നില്ല അത്. എങ്കിലും നല്ലഫലം സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ളവരായിരുന്നു. ആ തിരിച്ചറിവാണ് നിരാശപ്പെടുത്തുന്നതെന്നും കാലിസ് കൂട്ടിച്ചേര്‍ത്തു.
















