കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 20 ലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് കാബുള്‍ വിമാനത്താവളത്തിനു സമീപമാണു സ്‌ഫോടനമുണ്ടായത്. നാറ്റോ സൈനീകരെ ലക്ഷ്യംവച്ചാണു സ്‌ഫോടനം നടന്നതെന്നാണു സൂചന.
വിമാനത്താവളത്തിന് പുറത്തുള്ള ഏവിയേഷന്‍ ഡയറക്ടറേറ്റ് ഓഫീസിന് മുന്നിലാണ് ചാവേര്‍ സ്‌ഫോടനമുണ്ടായതെന്ന് പൊലീസ് വക്താവ് എബാദുള്ള കരിമി പറഞ്ഞു.
ഒരു ടൊയോട്ട കൊറോള കാറാണ് വിദേശികളുടെ അകമ്പടി കാറുകള്‍ക്കൊപ്പം പാഞ്ഞു കയറി പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ ഒരു വിദേശ വാഹനത്തിനും സാധാരണക്കാരുടെ രണ്ട് വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ പേര്‍ക്ക് അപകടം സംഭവിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നും കൃത്യമായ എണ്ണം അറിയില്ലെന്നും എബാദുള്ള പറഞ്ഞു.
അഫ്ഗാന്‍ സേനയ്‌ക്കെതിരെയുള്ള ആക്രമാണിതെന്ന് അധികൃതര്‍ പറഞ്ഞു. കാബൂളിലെ ഹോട്ടലില്‍ തോക്ക്ധാരികള്‍ 14 പേരെ കൊലപ്പെടുത്തി മൂന്ന് ദിവസത്തിന് ശേഷമാണ് പുതിയ സംഭവം.
















