ദോഹ: സീസണിലെ ഏറ്റവും മികച്ച സമയത്തോടെ ദോഹ ഡയമണ്ട് ലീഗില്‍ 100 മീറ്റര്‍ സ്വര്‍ണമണിഞ്ഞ അമേരിക്കന്‍ സ്പ്രിന്റര്‍ ജസ്റ്റിന് ഗാറ്റ്ലിന് ജമൈക്കന്‍ സൂപ്പര്‍ താരം ഉസൈന്‍ ബോള്‍ട്ടിന് ശക്തമായ മുന്നറിയിപ്പ് നല്കി. ദോഹയില്‍ 9.74 സെക്കന്റില്‍ ഫിനിഷ് ചെയ്ത ഗാറ്റ്ലിന് സ്വന്തം രാജ്യക്കാരനായ മൈക്കല്‍ റോജേഴ്സ് (9.96 സെക്കന്റ്), ട്രിനിഡാഡ് ആന്‍ഡ്
ടുബാഗോയുടെ കെസ്റ്റന്‍ ബ്ലെഡ്മാന് (10.01) എന്നിവരെയാണ് പിന്തള്ളിയത്.
ആഗസ്റ്റില്‍ ബീജിങ് ആതിഥ്യം വഹിക്കുന്ന ലോക അത്ലറ്റിക് മീറ്റിന് മുന്‍പ് ആത്മവിശ്വാസം ഉയര്ത്തുന്നതുകൂടിയായി ഗാറ്റ്ലിന്റെ ജയം. അതേസമയം, 3000 മീറ്ററില്‍ ബ്രിട്ടന്റെ സൂപ്പര്‍ താരം മുഹമ്മദ് ഫറ അട്ടിമറിക്കപ്പെട്ടു. എത്യോപ്യയുടെ ഹാഗോസ് ഗെബ്രിവെറ്റാണ് ഫറയെ മറികടന്നത്.
















