അജ്മീര്‍:രാജസ്ഥാനില്‍ വീണ്ടു ദലിത് കുടുംബങ്ങള്‍ക്കുനേരെ സവര്‍ണ്ണ ജാട്ട് വിഭാഗക്കാരുടെ ക്രൂരമായ ആക്രമണം. ദലിത് വിഭാഗക്കാരുടെ വീടുകള്‍ ട്രാക്ടര്‍ ഉപയോഗിച്ച് തകര്‍ത്ത ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് ദലിതരെ ട്രാക്ടര്‍ കയറ്റി കൊന്നു. രത്‌നാറാം മേഘ്‌വാള്‍ (65), പഞ്ചാറാം (60), പോകാറാം (45) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ ബലാല്‍സംഗം ചെയ്യാനും ശാരീരികമായി ഉപദ്രവിക്കാനും ശ്രമം നടന്നു.
സ്ത്രീകള്‍ അടക്കം 11 ദലിതര്‍ക്കതിരെ ക്രൂരമായ ആക്രമണമാണ് ഇവര്‍ അഴിച്ചുവിട്ടത്. സാരമായി പരിക്കേറ്റ ഇവരെ ആളുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയില്‍ എത്തിയ സവര്‍ണ്ണ വിഭാഗക്കാര്‍ ഡോക്ടര്‍മാരെ തടഞ്ഞു വെച്ചതിനാല്‍, ചികിത്സ മുടങ്ങി.
മണിക്കൂറുകള്‍ക്ക് ശേഷം പോലീസ് എത്തിയാണ് ഇവരെ അജ്മീറിലെ ആശുപത്രിയില്‍ എത്തിച്ചത്. വര്‍ഗ്ഗീയ കലാപമായി മാറിയ സംഭവത്തില്‍ വ്യാപകമായി ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് നൂറു കണക്കിന് ദളിതുകള്‍ പലായനം ചെയ്തു.പോലീസ് കാവലിലാണ് കൊല്ലപ്പെട്ടവരുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.
ജാട്ട് വിഭാഗത്തിലെ ചിംനാറാം ദളിത് വിഭാഗത്തിലെ മേഘ്‌വാള്‍ എന്നീ കുടുംബങ്ങള്‍ തമ്മില്‍ ദീര്‍ഘകാലമായി നില നിന്നുവരുന്ന ഭൂമി തര്‍ക്കത്തെ തുടര്‍ന്നായിരുന്നു പ്രശ്‌നങ്ങള്‍. രത്‌നാറാം മേഘ്‌വാള്‍, ഗൗതാറാം മേഘ്‌വാള്‍, ഖേംറാം മേഘ്‌വാള്‍ എന്നീ സഹോദരങ്ങള്‍ അടങ്ങുന്ന ഒരു ദളിത് കുടുംബത്തിന്റേതേന്ന് അവകാശപ്പെടുന്ന 20 ഏക്കര്‍ കൃഷിഭൂമിയുടെ പേരിലാണ് തര്‍ക്കം. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ജാട്ട് വിഭാഗം വ്യാഴാഴ്ച പഞ്ചായത്ത് കൂടുകയും മേഘ്‌വാള്‍ കുടുംബത്തെ തര്‍ക്കം പരിഹരിക്കാന്‍ വിളിക്കുകയും ചെയ്തു.
എന്നാല്‍ ജാട്ട് വിഭാഗം തങ്ങളെ ആക്രമിക്കാന്‍ ചട്ടം കൂട്ടുകയാണ് എന്ന് ഭയന്ന മേഘ്‌വാള്‍ കുടുംബം തങ്ങളെ വിളിക്കാന്‍ വന്ന രണ്ടു പേര്‍ക്ക് നേരെ വെടിവെയ്‌ക്കുകയും ഇവരില്‍ റാംപാല്‍ എന്നയാള്‍ മരിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
സംഭവത്തെ തുടര്‍ന്ന് നൂറു കണക്കിന് ദലിത് വിഭാഗക്കാര്‍ ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍, പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമികളായ 200 ല്‍ 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആക്രമണത്തിനിരയായ ഒരു സ്ത്രീ വ്യക്തമാക്കി.
















