റോം: നാട്ടുകാരായ റയല്‍ മാഡ്രിഡിനു പിണഞ്ഞ ദുരന്തം സെവിയ്യയുടെ നാലയലത്തു പോലും എത്തിയില്ല. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിലവിലെ ജേതാക്കള്‍ റയല്‍ മാഡ്രിഡ് ഇറ്റാലിയിലെ യുവന്റസിനോട് തോറ്റ് തലതാഴ്ത്തി മടങ്ങിയപ്പോള്‍, മറ്റൊരു ലാ ലിഗ ടീം സെവിയ്യ, ഇറ്റാലിയന്‍ ടീം ഫിയൊന്റിനെയെ മുക്കി യുവേഫ യുറോപ്പ ലീഗിന്റെ കലാശക്കളിക്ക് യോഗ്യത നേടി. നിലവിലെ ജേതാക്കളായ സെവിയ്യയുടെ എതിരാളി, ഇറ്റാലിയന്‍ വമ്പന്മാരും മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരുമായ നെപ്പോളിയെ വീഴ്ത്തിയെത്തുന്ന ഉ്രെകയ്ന്‍ ടീം ദിനിപ്രൊ ദിനിപ്രൊപെട്രൊവ്സ്ക്. ഈ മാസം 27ന് പോളണ്ടിലെ വാഴ്സയിലാണ് ഫൈനല്‍.
സ്വന്തം മൈതാനത്തെ ആദ്യ പാദത്തില്‍ മടക്കമില്ലാത്ത മൂന്നു ഗോളിന് ഫിയൊന്റിനയെ തകര്‍ത്ത സെവിയ്യ എതിരാളികളുടെ തട്ടകത്തിലും ജയം ആവര്‍ത്തിച്ചു. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ജയം. ഇതോടെ ഇരുപാദത്തിലുമായി 5-0ന്റെ വ്യക്തമായ മുന്‍തൂക്കം.
രണ്ടാം പാദത്തിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ സെവിയ്യ ഇടവേളയ്ക്കു മുന്‍പ് തന്നെ രണ്ടു ഗോളിന്റെ ആധിപത്യം നേടി.
22ാം മിനിറ്റില്‍ കൊളംബിയന്‍ മുന്നേറ്റനിരക്കാരന് കാര്‍ലോസ് ബക്കയും, അഞ്ചു മിനിറ്റിനു ശേഷം പോര്‍ച്ചുഗല്‍ പ്രതിരോധനിര താരം ഡാനിയല്‍ കാരിക്കൊയും ലക്ഷ്യം കണ്ടു. ബോക്സിനുള്ളിലേക്ക് പറന്നെത്തിയ എവര്‍ ബനേഗയുടെ ഫ്രീ കിക്ക് പിഴവൊന്നും വരുത്താതെ വലയിലാക്കി ബക്ക. സീസണില്‍ താരത്തിന്റെ 26ാം ഗോളായി ഇത്. രണ്ടാം ഗോളിലേക്കു വഴി തുറന്നതും ബനേഗ. കോക്കെയ്ക്കു നല്കിയ പാസ്, അദ്ദേഹം കാരിക്കൊയ്ക്ക് നല്കി. രണ്ട് വാര അകലെ നിന്നുള്ള കാരിക്കൊയുടെ ഷോട്ട് വലയില്‍ ഭദ്രം.
ആദ്യ പാദത്തില്‍ നെപ്പോളിയെ അവരുടെ തട്ടകത്തില്‍ കുരുക്കിയ ദിനിപ്രൊ(1-1), സ്വന്തം മൈതാനത്തെ രണ്ടാം പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം സ്വന്തമാക്കി.
ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 58ാം മിനിറ്റില്‍ ഉക്രെയ്ന് സ്ട്രൈക്കര്‍ യെവ്ഹെന്‍ സെലെസ്ന്യോവ് ലക്ഷ്യം കണ്ടു. ഇതോടെ, ആകെ 2-1ന്റെ ജയം ദിനിപ്രൊയ്ക്ക്.
ആദ്യമായാണ് ദിനിപ്രൊ ഒരു പ്രമുഖ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശക്കളിക്ക് യോഗ്യത നേടുന്നത്.
















