സാവോപോളോ: കോപ്പ അമേരിക്കയ്‌ക്കുള്ള ബ്രസീല്‍ ടീമില്‍ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ കാകയ്‌ക്കും ഇടം. ഏഴു റിസര്‍വുകളുടെ കൂട്ടത്തിലാണ് കോച്ച് ദുംഗ കാകയെ ഉള്‍പ്പെടുത്തിയത്.
ഫിയോന്റിന ഗോളി നെറ്റോ, ലാസിയോ മിഡ്ഫീല്‍ഡര്‍ ഫെലിപ്പെ ആന്‍ഡേഴ്‌സന്‍, ഷാക്തര്‍ പ്ലേ മേക്കര്‍ ഫ്രെഡ്, ബാഴ്‌സ താരം റാഫേല്‍ അല്‍കാന്‍ഡ്ര, കൊറിന്ത്യന്‍സിന്റെ പ്രതിരോധ ഭടന്‍ ഗില്‍, ക്രൂസേറിയോ സ്‌ട്രൈക്കര്‍ ലിയനാര്‍ഡോ ഡാമിയൊ എന്നിവര്‍ മറ്റു പകരക്കാര്‍. 33കാരനായ കാക എംഎസ്എല്‍ ടീം ഒര്‍ലാന്റോയുടെ ഭാഗമാണിപ്പോള്‍. മേജര്‍ സോക്കര്‍ ലീഗില്‍ തരക്കേടില്ലാത്ത കളിയാണ് കാക പുറത്തെടുത്തത്. ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടെങ്കിലും ഒക്‌ടോബറില്‍ അര്‍ജന്റീനയ്‌ക്കും ജപ്പാനുമെതിരായ സൗഹൃദ മത്സരങ്ങളില്‍ ദുംഗ കാകയ്‌ക്ക് അവസരം നല്‍കിയിരുന്നു.
ജൂണ്‍ 11 മുതല്‍ ജൂലൈ നാലു വരെ ചിലിയിലാണ് കോപ്പ അമേരിക്ക അരങ്ങേറുന്നത്. കൊളംബിയ, പെറു, വെനസ്വേല എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ബ്രസീലിന് സ്ഥാനം.
















