പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ രണ്ടാം എഡിഷനില്‍ രാജ്യത്തെ മുന്‍ നിര സ്ട്രൈക്കര്‍മാരായ സുനില്‍ ഛേത്രിയും റോബിന് സിങ്ങും കളിക്കും.
ഐഎസ്എല്‍ അധികൃതരുമായി ഇരുതാരങ്ങളും ധാരണയിലെത്തി. ഐ ലീഗ് ചാമ്പ്യന്‍ ബെംഗളൂരു എഫ്സിയുടെ കളിക്കാരായ ഛേത്രിയും റോബിനും ഐഎസ്എല്ലിന്റെ ഒന്നാം പതിപ്പില്‍ ഉണ്ടായിരുന്നില്ല.
രണ്ടുപേരെയും ക്ലബ്ബ് വിട്ടുകൊടുക്കാത്തതായിരുന്നു അതിനു കാരണം. ടൂര്‍ണമെന്റിന്റെ വന്‍ ജനപ്രീതി മാറി ചിന്തിക്കാന്‍ ഛേത്രിയെയും റോബിനെയും പ്രേരിപ്പിച്ചെന്നാണ് വിലയിരുത്തല്‍. ഐഎസ്എല്ലിനുശേഷം ബെംഗളൂരു എഫ്സിക്ക് വേണ്ടി പന്തുതട്ടാന്‍ അനുവദിക്കുമെന്ന നിബന്ധന ഐഎസ്എല്‍ സംഘാടകര്‍ അംഗീകരിച്ചിട്ടുണ്ട്.
ജൂലൈയില്‍ ഐഎസ്എല്ലിന്റെ താര ലേലം നടക്കും. ലേലപട്ടികയിലെ പത്തുപേരുടെ കൂട്ടത്തില്‍ ഛേത്രിയും റോബിനും വരും. ബെംഗളൂരു എഫ്സിയുടെ മറ്റൊരുതാരം തോയ് സിങ്ങും ഐഎസ്എല്ലിന്റെ ഭാഗമാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. മുംബൈയില്‍ നടക്കുന്ന തദ്ദേശീയ താരങ്ങളുടെ തെരഞ്ഞെടുക്കലിലാവും തോയ് സിങ് ഇടംനേടുക.
















