ലണ്ടന്‍: ഒരുകാലത്ത് ക്രീസില്‍ ഒന്നിച്ചുനിന്ന് എതിര് ബൗളര്‍മാരുടെ മുനയൊടിച്ചവര്. ഇപ്പോള്‍ തമ്മില്‍ കണ്ടാലോ?. അവര്‍ പരസ്പരം കടിച്ചുകീറും. കഥയങ്ങ് ഇംഗ്ലണ്ടിലാണ്.
കളത്തിന് പുറത്ത് ഉരസുന്നത് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്ടന് ആന്‍ഡ്രു സ്ട്രോസും ബാറ്റിങ് ലൈനപ്പിലെ സൂപ്പര്‍ സാന്നിധ്യമായിരുന്ന കെവിന് പീറ്റേഴ്സനും. ഇംഗ്ലീഷ് ക്രിക്കറ്റില്‍ സ്ട്രോസ് ഡയറക്ടറുടെ റോളിലാണ്. പീറ്റേഴ്സന് ടീമില്‍ ഇടംകാക്കുന്ന കളിക്കാരനും.
ചൊവ്വാഴ്ച കൗണ്ടി ടീം സറെയ്ക്കുവേണ്ടി പുറത്താകാതെ 355 റണ്‍സ് വാരിയ കെപി തന്റെ ഫോം തെളിയിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞദിവസം പഴയകളിക്കൂട്ടുകാരനെ നേരില്‍ക്കണ്ട സ്ട്രോസ് ഈ വേനല്‍ക്കാലത്ത് ഇംഗ്ലണ്ടിന്റെ കുപ്പായമണിയാന്‍ കൊതിക്കേണ്ടെന്ന് തറപ്പിച്ചുപറഞ്ഞു. നാട്ടിലെ ആഷസ് പരമ്പരയില്‍ പീറ്റേഴ്സന് ഉണ്ടാവില്ലെന്നു സാരം. ഇംഗ്ലണ്ടിനുവേണ്ടി പാഡ് കെട്ടാന്‍ ഭാവിയില്‍ പീറ്റേഴ്സന് അവസരം ലഭിച്ചേക്കാമെന്നും പക്ഷേ ഇപ്പോഴതു നടക്കില്ലെന്നും സ്ട്രോസ് അടിവരയിട്ടു. കെപിയെ സ്ട്രോസിന് വിശ്വാസമില്ലത്രെ.
തുറന്നമനസോടെ ആത്മാര്‍ഥതയോടെ സംസാരിക്കേണ്ട സമയമിത്. കെവിന് ഒരു അസാധാരണ കളിക്കാരനാണ്. ബാറ്റ്സ്മാന് എന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവില്‍ ആര്‍ക്കും സംശയമില്ല. ഇവിടെ അതല്ല വിഷയം. പ്രശ്നം വിശ്വാസത്തിന്റേതാണ്. ഇസിബിക്കും എനിക്കും പീറ്റേഴ്സനോടുള്ള വിശ്വാസം ഏറെ ഇടിഞ്ഞു. എനിക്കും കെവിനുമിടയില് വലിയ വിശ്വാസപ്രശ്നം നിലനില്ക്കുന്നു. കുറച്ചുദിവസംകൊണ്ട് വിശ്വാസം സൃഷ്ടിക്കാനാവില്ല, സ്ട്രോസ് പറഞ്ഞു.
കഴിഞ്ഞ രാത്രിയില്‍ പീറ്റേഴ്സനെ കാണാന്‍ പോയി. ഈ വേനലില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ പദ്ധതിയില്‍ അദ്ദേഹത്തെ ഉള്പ്പെടുത്തിയിട്ടില്ലെന്നറിയിച്ചു. പീറ്റേഴ്സന്റെ ഭാവിയെക്കുറിച്ച് ഉറപ്പൊന്നും നല്കാന് എനിക്കാവില്ല. പക്ഷേ, ടീമില്‍ അദ്ദേഹത്തിന് നിരോധനമില്ല. വരുംകാലത്ത് എന്തു സംഭവിക്കുമെന്ന് ആര്‍ക്കുമറിയില്ലെന്നും സ്ട്രോസ് കൂട്ടിച്ചേര്‍ത്തു.
സമകാലിക ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും സ്വാധീനശക്തിയുള്ള ബാറ്റ്സ്മാന്മാരില് ഒരാളായ പീറ്റേഴ്സനെ 2014 ആഷസ് തോല്‍വിക്കു പിന്നാലെയാണ് ടീമില്‍ നിന്ന് പുറത്താക്കിയത്. 2012ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കിടെ എതിരാളികള്‍ക്ക് സ്ട്രോസിനെപ്പറ്റി പ്രകോപനപരമായ സന്ദേശമയച്ച പീറ്റേഴ്സന് വിവാദത്തില്‍പ്പെട്ടിരുന്നു.
രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം പീറ്റേഴ്സനെക്കുറിച്ച് മോശമായി സംസാരിച്ച സ്ട്രോസിന് മാപ്പുപറയേണ്ടിയും വന്നു. അന്നുമുതല്‍ ഇരുവരും ഏറെ അകല്‍ച്ചയിലായിരുന്നു. അതാണ് പീറ്റേഴ്സനെ തഴയാന്‍ സ്ട്രോസിനെ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, പീറ്റേഴ്സനെ ഒഴിവാക്കിയ നടപടിക്കെതിരെ മുന്‍താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
















