ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അന്ത്യത്തോടടുക്കവെ മുന്‍ ചാമ്പ്യന്‍ ആഴ്സനലിന് കരണത്തൊരടി. എമിറേറ്റ്സ് സ്റ്റേഡിയത്തിലെ ഗാലറിയെ സാക്ഷിയാക്കി ഗണ്ണേഴ്സിനെ സ്വാന്‍സി മറുപടിയില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചു. 85-ാം മിനിറ്റില്‍ ബഫെറ്റിംബി ഗോമിസാണ് ആഴ്സന്‍ വെങ്ങറുടെ കുട്ടികളെ നോവിച്ചത്. ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്താമെന്ന ആഴ്സനലിന്റെ മോഹം ഏറെക്കുറെ പൊലിഞ്ഞു. സീസണില്‍ ഇതു രണ്ടാം വട്ടമാണ് ആഴ്സനലിനെ സ്വാന്‍സി കീഴടക്കുന്നത്. നവംബറില്‍ ഹോം ഗ്രൗണ്ടില്‍ നേടിയ ജയത്തിലും ഗോമിസ് സ്വാന്‍സിക്കായി സ്കോര്‍ ചെയ്യുകയുണ്ടായി.
ഒന്നാം പകുതി നിരാശാജനകമായിരുന്നു. നല്ലൊരു ചാന്‍സ് സൃഷ്ടിക്കാന്‍ രണ്ടു കൂട്ടര്‍ക്കുമായില്ല. പൊസഷനില്‍ ആധിപത്യം നേടിയ ആഴ്സനലിന് അതു പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ല. സ്വാന്സിയുടെ ജോന്‍ജോ ഷെല്‍വിയുടെ ലോങ് റേഞ്ച് ഹാഫ് വോളി ഏറെ അകന്നു പറന്നതും ഒളിവര്‍ ജിറോഡിന്റെ ഷോട്ട് വളഞ്ഞു പുറത്തേക്കുപോയതുമൊക്കെ ചില നെടുവീര്‍പ്പുകള്‍ക്ക് വഴിവെച്ചു.
രണ്ടാം പകുതിയില്‍ ആഴ്സനല്‍ കൂടുതല്‍ തീഷ്ണതയോടെ പന്തുതട്ടി. അലക്സി സാഞ്ചസും ആരോണ്‍ റാംസിയുമെല്ലാം ഗോള്ദാഹത്താല് അലഞ്ഞു. എന്നാല്‍ ഒന്നും നടന്നില്ല.
സ്വാന്‍സി ഗോളി ഫബിയന്‍സ്കിയുടെ ഉഗ്രന്‍ സേവുകള്‍ ആഴ്സനലിനെ വലച്ചെന്നു പറയുന്നതാവും ശരി. സാഞ്ചസും തിയോ വാല്ക്കോട്ടുമൊക്കെ ഫബിയന്സ്കിയെ വണങ്ങി. അവസാനം ഗോളിയുടെ യത്നങ്ങള്‍ക്ക് പൂര്ണഫലമേകി ഗോമിസ് ആഴ്സനലിനെ കീഴടക്കി (1-0).
ഗോമിസിന്റെ ഹെഡ്ഡര്‍ ആഴ്സനല്‍ ഗോളി ഡേവിഡ് ഒസ്പിന പിന്നോട് ചാടി ഗ്ലൗസിലാക്കിയെങ്കിലും പന്ത് ഗോള്‍ലൈന്‍ താണ്ടിയെന്ന് റീ പ്ലേയില്‍ തെളിഞ്ഞതോടെ ആഴ്സനല്‍ തോല്‍വി സമ്മതിച്ചു.
















