മ്യൂണിച്ച്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ലോകം കാത്തിരിക്കുന്ന കാല്പ്പന്തുപോരില് മുഖാമുഖം നില്‍ക്കുന്നത് സ്പാനിഷ് വമ്പന്‍ ബാഴ്സലോണയും ജര്‍മ്മന്‍ അതികായന് ബയേണ്‍ മ്യൂണിച്ചും.
ബയേണിന്റെ കളത്തിലെ മത്സരത്തിന് രാത്രി 12.15ന് (ഇന്ത്യന്‍ സമയം) കിക്കോഫ്. നൗ കാംപിലെ ആദ്യപാദത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ജയിച്ച ബാഴ്സക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. അതിനാല്‍ത്തന്നെ ആരാധകര്‍ക്ക് മുന്നില്‍ ഫൈനല്‍ പ്രവേശം സാധ്യമാക്കാന്‍ ബയേണിന് ഭഗീരഥ പ്രയത്നം തന്നെ നടത്തേണ്ടിവരും.
ബുണ്ടസ് ലീഗ് കിരീടം കൈപ്പിടിയിലാക്കിയതിന്റെ ഗമയിലാണ് ബയേണ്‍. സ്പെയിനില്‍ ബാഴ്സയും ട്രോഫിയോടടുക്കുന്നു. പക്ഷേ, രണ്ടു ടീമുകളുടെയും പ്രകടനനിലവാരത്തില്‍ ഇപ്പോള്‍ വലിയ അന്തരമുണ്ട്. ആദ്യ ഏറ്റുമുട്ടലില്‍ അതേറെ തെളിഞ്ഞു. ലീഗ് കിരീട വിജയത്തിനുശേഷം നാലു മത്സരങ്ങളില്‍ ബയേണ്‍ തുടരെ തോല്‍വിയറിഞ്ഞു. അതില്‍ ജര്‍മ്മന്‍ കപ്പ് സെമിയില്‍ ബൊറൂസിയ ഡോര്ട്ട്മുണ്ടിനോടുള്ള പരാജയം ഏറെ വേദനാജനകം.
ഷൂട്ടൗട്ടില്‍ ഒരു കിക്ക് പോലും ബയേണിന് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. അതുപോരാഞ്ഞിട്ട് തുറുപ്പുചീട്ടുകളായ ആര്യന് റോബനും ഫ്രാങ്ക് റിബറിയുമൊക്കെ പുറത്തിരിക്കുന്നത് അവരെ ഏറെ അലട്ടുന്നു. പ്രതിരോധത്തില്‍ ഹോള്‍ഗര്‍ ബാഡ്സ്റ്റബറും ഡേവിഡ് അലാബയും ഇല്ലാത്തതും ബയേണിന്റെ തലവേദനയുടെ ആഴം വര്‍ധിപ്പിക്കുന്ന കാര്യം. ഈ സാഹചര്യത്തില്‍ തോമസ് മുള്ളറിന്റെയും റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയുടെയും കാലുകളില്‍ ബയേണ്‍ കണ്ണുവയ്ക്കുന്നു.
മറുവശത്ത് പൂര്‍ണ്ണസജ്ജമാണ് ബാഴ്സ.
ലയണല്‍ മെസിയും നെയ്മറും ലൂയിസ് സുവരസും അപാരഫോമിലാണ്. ലാ ലീഗയില്‍ റിയല്‍ സോഷിഡാഡിനെ തുരത്തിയ അവര്‍ അലസതയ്ക്കില്ലെന്ന് തറപ്പിച്ചുപറഞ്ഞുകഴിഞ്ഞു. കഴിഞ്ഞ എട്ടു മത്സരങ്ങളില്‍ ഒന്നില്‍പോലും ബാഴ്സ തോല്‍വിയറിഞ്ഞിട്ടില്ല. അവയിലെല്ലാം കൂടി 28 ഗോളുകള്‍ അടിച്ചുകൂട്ടിയ ലൂയിസ് എന്റിക്വയുടെ കുട്ടികള്‍ ഏഴുവട്ടം എതിരാളികളെ ഗോളടിക്കാതെ പിടിച്ചുനിര്‍ത്തി.
എങ്കിലും പോരാട്ടവീര്യമേറെയുള്ള ബയേണിനെ ബാഴ്സ കരുതലോടെയാവും നേരിടുക. ക്വാര്‍ട്ടറില്‍ എഫ്സി പോര്‍ട്ടോയോട് 3-1ന് പിന്നിട്ടുനിന്നശേഷം രണ്ടാം മുഖാമുഖത്തില്‍ 6-1 ബയേണ്‍ ജയിച്ചുകയറിയത് അവര്‍ മറക്കാനിടയില്ല. 2013 സെമി ഫൈനലില്‍ തങ്ങളെ 7-0ന് തുരത്തിയ ബയേണിന്റെ പ്രഹരശേഷിയും ബാഴ്സയുടെ ഓര്‍മ്മയിലുണ്ടാവും.
















