റായ്പൂര്‍: ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച സംഭാവനകള്‍ നല്കാന് കഴിയുന്ന താരമാണ് മോയ്സസ് ഹെന്റിക്വസെന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് പരിശീലകന് ടോം മൂഡി. ഐപിഎല്ലില്‍ ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഹെന്റിക്വസിന്റെ (74 നോട്ടൗട്ട്) ബാറ്റിങ്ങിന്റെ ബലത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ആറ് റണ്‍സിന് സണ്‍റൈസേഴ്സ് പരാജയപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 4 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. ഡെവിള്‍സ് 4ന് 157ല്‍ ഒതുങ്ങി. ക്വിന്റന്‍ ഡി കോക്കും (50) കേദാര്‍ ജാദവും (63 നോട്ടൗട്ട്) പൊരുതിയെങ്കിലും ലക്ഷ്യം കണ്ടില്ല.
മോയ്സസ് പരിചയസമ്പന്നനായ കളിക്കാരനാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അധികം കളിച്ചിട്ടില്ലെങ്കിലും ഐപിഎല്ലില്‍ ഏറെ അവസരം ലഭിച്ചിട്ടുണ്ട്. മുന്‍നിരയില്‍ ഉത്തരവാദിത്തത്തോടെ ഹെന് റിക്വസ് ബാറ്റുവീശി. ബൗളിങ്ങും ഉപകാരപ്രദം. ഹെന്റിക്വസ് നമ്മുടെ ബൗളിങ് ലൈനപ്പിന്റ ആഴം വര്‍ധിപ്പിക്കുന്നു, മൂഡി പറഞ്ഞു. ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെയും ക്യാപ്ടന് ഡേവിഡ് വാര്‍ണറെയും അഭിനന്ദിക്കാനും മൂഡി മറന്നില്ല.
















