ഭുവനേശ്വര്‍: മൂന്നാം തുടര്‍ ജയത്തോടെ ജപ്പാനെതിരായ ഹോക്കി ടെസ്റ്റ് പരമ്പര നേട്ടം ഇന്ത്യ ആധികാരികമാക്കി (3-0). അവസാന മത്സരത്തില്‍ ഇന്ത്യ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് ജയിച്ചു.
ആകാശ്ദീപ് സിങ് ഇന്ത്യയ്‌ക്കുവേണ്ടി രണ്ടുഗോളുകള്‍ നേടി. വി.ആര്‍. രഘുനാഥ്, ധരംവീര്‍ സിങ് എന്നിവര്‍ മറ്റു സ്‌കോറര്‍മാര്‍. ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയതൊഴിച്ചാല്‍ ഏറെക്കുറെ സമ്പൂര്‍ണമായിരുന്നു ഇന്ത്യയുടെ പ്രകടനം.
കളി പുരോഗമിക്കുംതോറും കത്തിക്കയറിയ ഇന്ത്യ ഒരിക്കല്‍ക്കൂടി ജപ്പാനെ നിഷ്പ്രഭമാക്കി. ഒന്നാം ക്വാര്‍ട്ടറില്‍ ഗോളൊന്നും പിറന്നില്ല. ഒന്നുരണ്ടുവട്ടം ജപ്പാന്‍ ഗോളിനടുത്തെത്തി.
ആദ്യ അവസരം തുറന്നുകിട്ടാന്‍ രണ്ടാം ക്വാര്‍ട്ടറിന്റെ പകുതിവരെ ഇന്ത്യയ്‌ക്ക് കാത്തിരിക്കേണ്ടിവന്നു. പക്ഷേ, രൂപിന്ദര്‍പാല്‍ സിങ് ആ ഗോള്‍ സാധ്യതയെ പുറത്തേക്കടിച്ചുതുലച്ചു. എന്നാല്‍ 26-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ രഘുനാഥ് ഇന്ത്യയ്‌ക്ക് ലീഡൊരുക്കി (1-0).
തൊട്ടുടത്ത നിമിഷം ആകാശ്ദീപിന്റെ ഒന്നാന്തരം ഫീല്‍ഡ് ഗോള്‍, സ്‌കോര്‍: 2-0.അതോടെ ജപ്പാനുമേല്‍ ഇന്ത്യ സമ്മര്‍ദ്ദം കൂടുതല്‍ ശക്തമാക്കി. 36-ാം മിനിറ്റില്‍ എസ്. വി. സുനിലിന്റെ പാസ് വാങ്ങി ബോക്‌സില്‍ കയറിയ ധരംവീര്‍ ജപ്പാന്‍ ഗോളിക്ക് പഴുതൊന്നും നല്‍കാതെ വലചലിപ്പിച്ചു (3-0).ഒടുവില്‍ ആകാശ് ദീപ് ഡബിള്‍ തികയ്‌ക്കുമ്പോള്‍ ജപ്പാന്റെ പരാജയഭാരത്തില്‍ വര്‍ധന.
















