ബെംഗളൂരു:കോടികളുടെ അവിഹിതസ്വത്തു കേസില്‍ എഐഎഡിഎംകെ നേതാവും മുന്‍തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിതയുടെ വിധി ഇന്നറിയാം.
കേസില്‍ വിചാരണക്കോടതി ജയലളിതയ്‌ക്ക് നാലുവര്‍ഷം തടവും നൂറു കോടി രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ കര്‍ണ്ണാടക ഹൈക്കോടതി ഇന്ന് വിധി പ്രഖ്യാപിക്കും. തോഴി ശശികല, വിഎന്‍ സുധാകരന്‍, ജെ. ഇളവരശി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. 91 മുതല്‍ 96 വരെ ജയലളിത ആദ്യമായി മുഖ്യമന്ത്രിയായ കാലത്ത് 53.64കോടി അവിഹിതമായി സമ്പാദിച്ചെന്നാണ് കേസ്.
വിചാരണക്കോടതി 2014 സെപ്തംബറില്‍ നാലുവര്‍ഷം തടവ് വിധിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ജയലളിത തന്റെ അടുത്ത അനുയായി പന്നീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി ഭരണം നടത്തുകയാണ്. കീഴ്‌ക്കോടതി വിധി ശരിവെച്ചാല്‍ ജയലളിതയുടെ രാഷ്‌ട്രീയ ജീവിതത്തിന് താത്ക്കാലിക വിരാമമാകും. അടുത്ത ആറു വര്‍ഷത്തേക്ക് അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും കഴിയില്ല.
















