മാഡ്രിഡ്: ടെലിവിഷന്‍ സംപ്രേഷണം സംബന്ധിച്ച്ഫുട്‌ബോള്‍ ഫെഡറേഷനും (ആര്‍എഫ്ഇഎഫ്) സര്‍ക്കാരും തമ്മില്‍ ഉടലെടുത്ത തര്‍ക്കം സ്‌പെയിനിനെ കളിയില്ലാത്ത കാലത്തിലേക്ക് നയിക്കുന്നു. തങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചില്ലെങ്കില്‍ മെയ് പതിനാറുമുതല്‍ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവയ്‌ക്കുമെന്ന് ആര്‍എഫ്ഇഎഫ് മുന്നറിയിപ്പ് നല്‍കി.
അങ്ങനെയെങ്കില്‍ ലാ ലീഗയുടെ ക്ലൈമാക്‌സ് അലങ്കോലപ്പെടും. മെയ് 17ലെ അത്‌ലറ്റിക്കോ മാഡ്രിഡ്- ബാഴ്‌സലോണ മത്സരവും 30ലെ സ്പാനിഷ് കപ്പ് ഫൈനലും (ബാഴ്‌സലോണ- അത്‌ലറ്റിക്കോ ബില്‍ബാവോ) അടക്കമുള്ളവ നടക്കാനുള്ള സാധ്യത കുറവാണ്. സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ പുതിയ നയ പ്രകാരം ടെലിവിഷന്‍ സംപ്രേഷണാവകാശം സ്വന്തം നിലയില്‍ കൈകാര്യം ചെയ്യാനുള്ള ക്ലബ്ബുകളുടെ അധികാരം നഷ്ടപ്പെടും.
പകരം പ്രീമിയര്‍ ലീഗിനു സമാനമായി ലേലത്തിലൂടെയാവും ടിവി റൈറ്റുകള്‍ വില്‍ക്കപ്പെടുക. വമ്പന്‍ ക്ലബ്ബുകളായ റയല്‍ മാഡ്രിഡിന്റെയും ബാഴ്‌സലോണയുടെയും ആധിപത്യംമൂലമുള്ള സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് ചെറു ടീമുകളെ രക്ഷിക്കുകയാണ് പുതു പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.വരുമാനം ഭാഗംവെയ്‌ക്കേണ്ടിവരുന്നതും ബെറ്റിങ് സൈറ്റുകളില്‍ നിന്നു ലഭിക്കുന്ന തുക കുറച്ചതും സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനെ ചൊടിപ്പിച്ചുകഴിഞ്ഞു. കളിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ തുടര്‍ച്ചയായ ഇടപെടലുകളും ആര്‍എഫ്ഇഎഫിനെ ആകുലപ്പെടുത്തുന്നു.
















