ന്യൂദല്‍ഹി: ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്ന്റെ ആക്ഷന്‍ ബിസിസിഐയുടെ അംഗീകാരം.അവസാനത്തെ മുന്നറിയിപ്പോടെ ബോര്‍ഡ് നരെയ്ന് പന്തെറിയാന്‍ അനുവാദം നല്കി. ടൂര്‍ണമെന്റിന്റെ ലീഗ് റൗണ്ട് അന്ത്യ ഘട്ടത്തിലേക്ക് അടുക്കവെ കൊല്‍ക്കത്ത ടീമിന് ഉത്തേജനം പകരുന്നതായി പുതിയ തീരുമാനം.
നിലവില്‍ ഓസീസ് വെറ്ററന്‍ ബ്രാഡ് ഹോജ് നരെയ്ന്റെ കുറവു നികത്തുന്നുണ്ട്. എന്നാല്‍ വിന്‍ഡീസ് താരം കളിക്കുമെങ്കില്‍ അതേറെ ഗുണം ചെയ്യുമെന്ന് കൊല്‍ക്കത്ത ടീം വിശ്വസിക്കുന്നു. കഴിഞ്ഞചാമ്പ്യന്സ് ലീഗ് ട്വന്റി20ക്കിടെയായിരുന്നു നരെയ്ന്റെ പന്തേറ് സംശയത്തിന്റെ നിഴലിലായത്.
തുടര്‍ന്ന് ആക്ഷനില്‍ മാറ്റംവരുത്തി വിവിധ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയനായശേഷം ഐപിഎല്‍ കളിക്കാന്‍ യോഗ്യത നേടിയെടുത്തു.
എന്നാല്‍ ടൂര്‍ണമെന്റിനിടെ നരെയ്നെ വീണ്ടും അധികൃതര്‍ വിലക്കി. ഓഫ് സ്പിന്നുകള്‍ എറിയുമ്പോള്‍ നരെയ്ന് കൈമടക്കുന്നെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്.
പുതുക്കിയ ആക്ഷന്‍ തുടരാനാണ് ബിസിസിഐ ഇപ്പോള്‍ നരെയ്ന് അനുമതി നല്‍കിയിരിക്കുന്നത്.
















