ബെംഗളൂരു: ഐപിഎല്‍ കരിയറിലെ അഞ്ചാം സെഞ്ച്വറിയടിക്കാന്‍ തനിക്ക് അവസരമൊരുക്കിയെങ്കിലും കിങ്സ് ഇലവന് പഞ്ചാബ് ബൗളര്‍മാര്‍ മോശക്കാരല്ലെന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്ല്. 57 പന്തില്‍ ഏഴു ഫോറുകളും 12 സിക്സറുകളും ഉള്‍പ്പെടെ സെഞ്ച്വറി കുറിച്ച ഗെയ്ലിന്റെ (117) തുണയില്‍ 138 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ബുധനാഴ്ച രാത്രി കിങ്സ് ഇലവനെതിരെ റോയല്‍ ചലഞ്ചേഴ്സ് നേടിയത്. ട്വന്റി20യുടെ ഏതെങ്കിലുമൊരു വേദിയില്‍ 1500 റണ്‍സ് തികയ്ക്കുന്ന പ്രഥമ താരമായും ഗെയ്ല് മാറി.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ടീം 3ന് 226 എന്ന റണ്‍മല തീര്‍ത്തു. എബി ഡിവില്ലിയേഴ്സും (47 നോട്ടൗട്ട്) തിളങ്ങി. പിന്നീട് അവര്‍ കിങ്സ് ഇലവനെ 13.4 ഓവറില്‍ വെറും 88 റണ്‍സിന് എറിഞ്ഞിട്ടു. നാലുവിക്കറ്റ് വീതം പിഴുത ഓസീസ് പേസ് ബാറ്ററി മിച്ചല്‍ സ്റ്റാര്‍ക്കും ശ്രീനാഥ് അരവിന്ദും കൂടി കിങ്സ് ഇലവനെ അരിഞ്ഞുവീഴ്ത്തിക്കളഞ്ഞു. റണ്‍സ് അടിസ്ഥാനത്തില്‍ ഐപിഎല്ലിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയവും അതിലൂടെ അവര്‍ ടീമിന് സമ്മാനിച്ചു.
പിച്ച് ബാറ്റിങ്ങിന് അനുയോജ്യമായിരുന്നു. ഞാന്‍ സെഞ്ച്വറി നേടിയെങ്കിലും പഞ്ചാബ് ബൗളര്‍മാരുടെ പ്രകടനത്തെ കുറച്ചുകാണാനാവില്ല. 14-ാം ഓവറിനുശേഷം അവര്‍ ഒന്നാന്തരം യോര്ക്കറുകളെറിഞ്ഞു. കളി ഒരുപരിധിവരെ തിരികെപ്പിടിച്ചു. അതല്ലെങ്കില്‍ നമ്മുടെ സ്കോര്‍ 250 കടന്നേനെ, ഗെയ്ല് പറഞ്ഞു. എബിഡി വന്നപ്പോഴേക്കും അടിച്ചുകളിക്കാനുള്ള കളം തയ്യാര്‍. സ്വതന്ത്രമായി ഷോട്ട് ഉതിര്‍ക്കാന്‍ പറ്റിയ സാഹചര്യം. ലോകത്തെ മികച്ച ബാറ്റ്സ്മാന്മാരില് ഒരാളാണ് ഡിവില്ലിയേഴ്സ്. അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്യുക ഏറെ രസകരമായ കാര്യമെന്നും ഗെയ്ല് കൂട്ടിച്ചേര്‍ത്തു.
















