മുംബൈ: വാഹനം ഇടിച്ചു വഴിയാത്രക്കാരനെ കൊന്ന കേസില്‍ അഞ്ചുവര്‍ഷം തടവിനു വിധിച്ച സെഷന്‍സ് കോടതി വിധിക്കെതിരേ സല്മാന് ഖാന് മുംബൈ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. അപേക്ഷ വൈകുന്നേരം നാലിനു കോടതി പരിഗണിക്കും.
സെഷന്‍സ് കോടതി വിധി കേട്ട ശേഷം നെഞ്ചുവേദന അനുഭവപ്പെട്ട സല്മാന് ഖാനെ മുംബൈയിലെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം സല്മാന് ഖാന് ശിക്ഷ ലഭിക്കുന്നതിനെക്കാള്‍ തങ്ങള്‍ക്ക് പ്രധാനം നഷ്ടപരിഹാരമാണെന്ന് അപകടത്തിന് ഇരയായവര്‍ പറഞ്ഞു. അപകടം നടന്ന് പതിമൂന്ന് വര്‍ഷമായിട്ടും ഒരാള്‍ പോലും തങ്ങളെ സഹായിക്കാന്‍ വന്നില്ലെന്നും അപകടത്തില്‍ കാല് നഷ്ടപ്പെട്ട അബ്ദുള്ള റൗഫ് ഷേയ്ക്ക് പറഞ്ഞു.
സല്‍മാനോട് ദേഷ്യമൊന്നുമില്ല. ഇപ്പോഴും അദ്ദേഹത്തിന്റെ സിനിമകള്‍ കാണാറുണ്ടെന്നും അബ്ദുള്ള പറഞ്ഞു. തങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തിരുന്നതെന്ന് അപകടത്തില്‍ മരിച്ച നൂറുള്ള മെഹബൂബ് ഷരീഫിന്റെ ഭാര്യ പറഞ്ഞു. മകന് ജോലി ലഭിച്ചാല്‍ തനിക്ക് അത് ആശ്വാസമായേനെയെന്നും അവര്‍ പറഞ്ഞു.
















