തേജ്പൂര്‍ (ആസാം): ആയിരം ദിവസത്തെ കാല്‍നട യാത്ര, പിന്നിട്ടത് 12,150 കിലോ മീറ്റര്‍. ഈ 67 കാരന് നേരിട്ടുസംവദിച്ചത് പതിനായിരങ്ങളോട്. അവരില്‍ വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും വീട്ടമ്മമാരും സന്നദ്ധ പ്രവര്‍ത്തകരും മറ്റും ഉണ്ടായിരുന്നു. അവരോടെല്ലാം സീതാറാം കേദ്ലായ്ക്ക് പറയാനുള്ളത് ഭാരതത്തിന്റെ പുനരുജ്ജീവനത്തെക്കുറിച്ച്; അതിനു സ്വാശ്രയ ഗ്രാമങ്ങളെ പുരുദ്ധരിക്കേണ്ടതിനെക്കുറിച്ച്- അങ്ങനെ സീതാറാം കേദ്ലായ് യാത്ര തുടരുകയാണ്.
കന്യാകുമാരിയില്‍നിന്ന് 2012 ആഗസ്റ്റ് ഒമ്പതിനാണ് സീതാറാം യാത്ര തുടങ്ങിയത്, ക്വിറ്റിന്ത്യാ ദിനത്തില്‍. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ദേശീയ ഭാരവാഹിയായിരുന്ന അദ്ദേഹം ഭാരതപരിക്രമ ഒരു സന്ദേശ ദൗത്യമായി സ്വീകരിക്കുകയായിരുന്നു. സ്വാശ്രയ ഗ്രാമങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു, സ്വാശ്രയ ജീവിത മാര്‍ഗ്ഗം പറഞ്ഞുകൊടുത്തു. സ്വാലംബിയായ ജീവിത രീതികളെക്കുറിച്ചു പ്രചാരണം നടത്തി. കടന്നുപോയ വഴികളില്‍ അദ്ദേഹത്തിനു സ്വീകരണവും ലഭിച്ചു.
തമിഴ്നാട്ടില്നിന്നാരംഭിച്ച് കേരളത്തിന്റെ ഗ്രാമങ്ങളിലും നഗരങ്ങളിലും കൂടി കര്‍ണാടകത്തിലെത്തി. പശ്ചിമഘട്ടം പിന്നിട്ട്, പശ്ചിമതീരത്തുകൂടി, പശ്ചിമ പ്രദേശങ്ങള്‍ കഴിഞ്ഞ് കശ്മീരിലെത്തി, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലെത്തിയ സീതാറാം കേദലായ് അവിടെനിന്ന് ഹിമാലയന്‍ പ്രദേശങ്ങളിലൂടെ കിഴക്കന്‍ പ്രദേശമായ ആസാമിലെ
തേജ്പൂരിലെത്തിയിരിക്കുകയാണ് ഇന്നലെ ആയിരാം ദിവസം തികഞ്ഞപ്പോള്‍.
ഗ്രാമവികാസം ലക്ഷ്യമിട്ടുള്ള മഹായാത്രയുടെ 1000-ാം ദിവസത്തില്‍ ആര്‍എസ്എസ് സര്‍സംഘ ചാലക് ഡോ. മോഹന്‍ ഭാഗവത് സീതാറാം കേദ്ലായ്ക്ക് വിജയാശംസകള്‍ നേര്‍ന്നു.
ഭാരതത്തിന്റെ പൈതൃക സംസ്കാര വിധിപ്രകാരം നടത്തിയ ഈ പദയാത്ര സ്വന്തം പേരില്‍ ചരിത്രം കുറിക്കാന്‍ ലക്ഷ്യമിട്ടല്ലെന്ന് സര്‍സംഘചാലക് സന്ദേശത്തില്‍ സ്മരിച്ചു; പകരം ലോകഹിതത്തിനു വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഹിമാലയന്‍ യജ്ഞമാണ്. വ്യക്തിമോക്ഷത്തിനും ലോകക്ഷേമത്തിനുമാണ്. സഞ്ചരിക്കുന്ന ഓരോ ഗ്രാമത്തിലും ജനതക്ക് എങ്ങനെ സ്വയം പര്യാപ്ത ഗ്രാമം സൃഷ്ടിക്കാമെന്നും ജീവിത സ്വയംപര്യാപ്തത നേടാമെന്നും അദ്ദേഹം ബോധവല്‍ക്കരിച്ചുവെന്നും ഡോ. മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി. ലക്ഷ്യദൂരം പിന്നിടാന്‍ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
















