ലണ്ടന്‍ :ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജൊനാതന്‍ ട്രോട്ട് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. വെസ്റ്റിന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയിലെ നിരാശാജനകമായ പ്രകടനത്തിനു പിന്നാലെയാണ് താരത്തിന്റെ തീരുമാനം. മാനസിക സമ്മര്‍ദ്ദംമൂലമുണ്ടായ പ്രശ്‌നങ്ങളാല്‍ ഏറെ നാളായി കളത്തില്‍ നിന്നു വിട്ടുനിന്ന ട്രോട്ട് വിന്‍ഡീസിനെതിരെ തിരിച്ചുവരുകയായിരുന്നു. എന്നാല്‍ വെറും 72 റണ്‍സ് നേടാനെ ട്രോട്ടിനു സാധിച്ചുള്ളു. മൂന്നുവട്ടം പൂജ്യനായി കൂടാരം പൂകുകയും ചെയ്തു.
കഠിനമായ തീരുമാനമായിരുന്നു. എന്റെ കളിയുടെ നിലവാരം ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടാന്‍ പാകത്തിലുള്ളതായില്ല. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ തിരിച്ചുവരാനും രാജ്യത്തിനുവേണ്ടി ബാറ്റേന്താനും സാധിച്ചതില്‍ അഭിമാനിക്കുന്നു. പക്ഷേ, അതു ഫലപ്രാപ്തിയില്‍ എത്താത്തതില്‍ നിരാശയുണ്ട്, ട്രോട്ട് പറഞ്ഞു.
ഇംഗ്ലണ്ടിന്റെ കുപ്പായത്തില്‍ ഉയര്‍ച്ച താഴ്‌ച്ചകളുണ്ടായി. കൗണ്ടി ടീം വാര്‍വിക്‌ഷെയറിലെ കരിയര്‍ മുന്നോട്ടുകൊണ്ടുപോയി കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യുകയാണ് ലക്ഷ്യമെന്നും ട്രോട്ട് കൂട്ടിച്ചേര്‍ത്തു.സമകാലിക ക്രിക്കറ്റില്‍ ഏറെ സ്ഥിരതപുലര്‍ത്തിയ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്നു ട്രോട്ട്. 2009 ആഷസില്‍ സെഞ്ച്വറിയോടെ അരങ്ങേറിയ ട്രോട്ട് 52 ടെസ്റ്റുകളില്‍ നിന്ന് 44.08 ശരാശരിയില്‍ 3, 835 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ മൂന്ന് ആഷസ് വിജയങ്ങളില്‍ പങ്കാളിയായി. 2011ലെ ഐസിസി ഇന്റര്‍നാഷണല്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയറും മറ്റാരുമായിരുന്നില്ല. 2013-14 ആഷസിനിടെയാണ് അമിതമായ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ട്രോട്ട് ടീമിനെ ഉപേക്ഷിച്ചത്.
















