പ്രകൃതിയുടെ പൂരണംകൊണ്ട് ഒരു ജാതി വേറൊന്നായി മാറുന്നു. ”ജാത്യാന്തരപരിണാമഃ പ്രകൃത്യാപൂരാത്” എന്ന് പതഞ്ജലി പറയുന്നു. അതിന്റെ വിശദീകരണത്തില്‍മാത്രം അദ്ദേഹം നിങ്ങളുമായി വിയോജിക്കുന്നു. ഇതിന് അദ്ദേഹത്തിന്റെ വിശദീകരണം ആദ്ധ്യാത്മികമാണ്.
സമീപത്തുകൂടി പോകുന്ന തോടുകളില്‍നിന്ന് തന്റെ വയലിലേക്കു വെള്ളം പായിക്കണമെന്നാഗ്രഹിക്കുന്ന കര്‍ഷകന് ഏതുപ്രകാരം പടി തുറന്നുകൊടുക്കുകമാത്രമേ വേണ്ടതുള്ളൂ നിമിത്തമപ്രയോജകം പ്രകൃതീനാം വരണഭേദസ്തു തതഃ ക്ഷേത്രികവത്- അതേമാതിരി, ഓരോ മനുഷ്യനും പണ്ടേ പൂര്‍ണ്ണനാണ്; നാനാപരിസ്ഥിതികളാകുന്ന കെട്ടുംപൂട്ടും അവനെ അകത്തിട്ടടയ്‌ക്കുന്നുവെന്നുമാത്രം; അവ നീക്കിയാല്‍ അവന്‍ പുറത്തേക്കു പായുന്നു, സ്വയം പ്രകാശിക്കുന്നു എന്നദ്ദേഹം പറയുന്നു.
മൃഗത്തില്‍ മനുഷ്യന്‍ തടയപ്പെട്ടുകിടന്നിരുന്നു; അനുകൂലപരിസ്ഥിതികള്‍ വന്ന ഉടനെ അവന്‍ മനുഷ്യനായി രൂപം പ്രാപിച്ചു. പിന്നെ, വീണ്ടും, യോജിച്ച ചുറ്റുപാടുകള്‍ വന്നപ്പോള്‍, മനുഷ്യനിലുള്ള ഈശ്വരന്‍ സ്വയം പ്രകടമായി. അതുകൊണ്ട് പുതിയ സിദ്ധാന്തങ്ങളുമായി വളരെ കുറച്ചേ ഞങ്ങള്‍ക്കു വഴക്കുള്ളൂ. ഉദാഹരണത്തിന്, വിഷയഗ്രഹണത്തെ സംബന്ധിച്ച സാംഖ്യന്റെ സിദ്ധാന്തം ആധുനിക ശാസ്ത്രശരീരത്തില്‍നിന്ന് അത്യല്പമേ മാറുന്നുള്ളൂ.
















