ന്യൂദല്‍ഹി : തെലങ്കാന സംസ്ഥാനത്തിന് പ്രത്യേകം ഹൈക്കോടതി വേണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ ബഹളം. ഇന്നലെ പാര്‍ലമെന്റ് ആരംഭിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ തെലങ്കാനയില്‍ നിന്നുള്ള പ്രതിനിധികള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെയ്‌ക്കുകയായിരുന്നു.
ലോക്‌സഭാ സമ്മേളനത്തിന്റെ തുടക്കം കുറിച്ച് സ്പീക്കര്‍ സുമിത്ര മഹാജന്‍ മധ്യപ്രദേശ് ബസ്സപടകടത്തില്‍ 20 പേര്‍ മരിച്ചതില്‍ അനുശോചനം രേഖപ്പെടുത്തി.
സഭാംഗങ്ങള്‍ ഒരുമിനുട്ട് മൗനം ആചരിച്ചതിനുശേഷം പുതിയതായി രൂപീകരിച്ച തങ്ങളുടെ സംസ്ഥാനത്തിന് ഹൈക്കോടതി അനുവദിക്കണമെന്നാവശ്യപ്പെട്ട് തെലങ്കാന രാഷ്‌ട്രസമിതി (ടിആര്‍എസ്) അംഗങ്ങള്‍ സഭയില്‍ ബഹളം വെയ്‌ക്കുകയായിരുന്നു.
തുടര്‍ന്ന് സ്പീക്കര്‍ ഈ വിഷയം സീറോ അവറില്‍ ഉന്നയിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ബഹളക്കാര്‍ കൂട്ടാക്കിയില്ല. ഇതിനെ തുടര്‍ന്ന് സഭ 10 മിനുട്ട് നേരത്തേയ്‌ക്ക് നിര്‍ത്തിവെച്ചു. അതേസമയം തെലങ്കാനയ്‌ക്ക് ഹൈക്കോടതി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന്് പാര്‍ലമന്റ്കാര്യ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു ലോക്‌സഭിയില്‍ അറിയിച്ചു.
















