ന്യൂദല്‍ഹി: ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന ഹൈദരാബാദ് സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥി സിറിയയില്‍ കൊല്ലപ്പെട്ടു. തെലങ്കാനയിലെ ആദിലാബാദ് ജില്ലയില്‍ നിന്നുള്ള ഹനീഫ് വസീമാണ് (25) കൊല്ലപ്പെട്ടത്.രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചു ചില ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ആദിലാബാദിലെ മാഞ്ചെരിയലിലുള്ള ഷാഡന്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്ന് ബിരുദം നേടിയ വസീം ഉപരിപഠനത്തിനായി കഴിഞ്ഞ നവംബറില്‍ ലണ്ടനിലെത്തിയിരുന്നു. അവിടെ നിന്നാണ് ഐഎസില്‍ ചേരാന്‍ പോയത്. മാര്‍ച്ച് 15നാണ് വസീം കൊല്ലപ്പെട്ടത്. സഹോദരിയുടെ വിവാഹത്തിനായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വസീം അവസാനമായി നാട്ടിലെത്തിയത്.
കരിംനഗറില്‍ നിന്നുള്ള മറ്റൊരാളെയും വസീം തന്റെ കൂടെ കൊണ്ടുപോയിരുന്നെന്നു പൊലീസ് കരുതുന്നു. ഇയാള്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. ഐഎസ് മേധാവി അബു ബക്കര്‍ അല്‍ ബഗ്ദാദിയുടെ പ്രസംഗത്തിന്റെ ആവേശമുള്‍ക്കൊണ്ട് നിരവധി ഇന്ത്യക്കാരാണ് ഐഎസില്‍ ചേരുന്നത്.
















