ചെന്നൈ: ബൗളര്‍മാര്‍ സമ്മാനിച്ച ജയത്തോടെ മുന്‍ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് (14) ഐപിഎല്‍ പോയിന്റ് ടേബിളിലെ പ്രഥമ സ്ഥാനം വീണ്ടെടുത്തു. ചെപ്പോക്കിലെ കളിയില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയാണ് മഹേന്ദ്ര സിങ് ധോണിയും സംഘവും 24 റണ്‍സിന് കെട്ടുകെട്ടിച്ചത്.
പേസര്‍മാരായ അശിഷ് നെഹ്റയും (3 വിക്കറ്റ്) ഡ്വെയ്ന്‍ ബ്രാവോയും (2) ഈശ്വര്‍ പാണ്ഡെയും (2) സൂപ്പര്‍ കിങ്സിന്റെ ജയത്തിന്റെ ചാലകശക്തികളായി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 20 ഓവറില്‍ 9ന് 148 എന്ന താരതമ്യേന ചെറിയ സ്കോറില്‍ ഒതുക്കി റോയല്‍ ചലഞ്ചേഴ്സ്. മൂന്നു പേരെ മടക്കിയ മിച്ചല്‍ സ്റ്റാര്‍ക്കും രണ്ടുപേരെ വീതം വീഴ്ത്തിയ ഡേവിഡ് വെയ്സും ഹര്‍ഷല്‍ പട്ടേലുമെല്ലാം ബാംഗ്ലൂരിന് വേണ്ടി മിന്നിത്തിളങ്ങി.
സുരേഷ് റെയ്ന (52, അഞ്ച് ഫോര്‍, 1 സിക്സ്) അര്‍ധശതകം കുറിച്ചു. ധോണി (29), ഫാഫ് ഡു പ്ലെസിസ് (24), ബ്രണ്ടന്‍ മക്കല്ലം (20) തുടങ്ങിയവര്‍ ചെന്നൈയുടെ മറ്റു പ്രധാന സ്കോറര്‍മാര്‍.
എന്നാല്‍ പന്തേറുകാരുടെ പ്രയത്നങ്ങളെല്ലാം റോയല്‍ ചലഞ്ചേഴ്സ് ബാറ്റ്സ്മാന്മാര് മൂല്യരഹിതമാക്കി. നിക്ക് മാഡിന്സന് (4), എബി ഡിവില്ലിയേഴ്സ് (21), മന്ദീപ് സിങ് (0) എന്നിവര്‍ ഡഗ് ഔട്ടിലെത്തിയ നിമിഷം അവരുടെ സ്കോര്‍ വെറും 34.
പിന്നെ ക്യാപ്ടന് വിരാട് കോഹ്ലി ദിനേശ് കാര്‍ത്തിക്കിനൊപ്പം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു, 63 റണ്‍സ് ടീം സ്കോറില്‍ ചേര്‍ന്നു. പക്ഷേ, കോഹ്ലിയെ (48) റണ്ണൗട്ടാക്കി ബ്രാവോ കളി തിരിച്ചു. പിന്നാലെ കാര്‍ത്തിക് (23) നെഹ്റയെ നമിച്ചു. അവസാന ഓവറുകളില്‍ ചെന്നൈ ബൗളര്‍മാര്‍ റോയല്‍ ചലഞ്ചേഴ്സിനെ വരിഞ്ഞുമുറുക്കിക്കളഞ്ഞു.
5.5 ഓവറില്‍ 27 റണ്‍സിന് ഏഴു വിക്കറ്റുകള്‍ നിലംപൊത്തിയപ്പോള്‍ ബാംഗ്ലൂര്‍ ടീം വിജയതീരമണഞ്ഞില്ല. റെയ്ന മാന്‍ ഓഫ് ദ മാച്ച്.
















