പാരീസ്: അമേരിക്കന്‍ ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്സും കാമുകി ലിന്‍ഡ്സി വോനും വേര്‍പിരിഞ്ഞു. സ്കീയിങ് താരവും ഒളിംപിക് സ്വര്‍ണമെഡല്‍ ജേത്രിയും കൂടിയായ വോന്‍ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. തിരക്കിട്ട മത്സരക്രമം തീര്‍ത്ത സമ്മര്‍ദ്ദമാണ് തീരുമാനത്തിന് പിന്നിലെന്ന് വുഡ്സും വോനും പറഞ്ഞു.
മൂന്നുവര്‍ഷത്തോളം നീണ്ട ബന്ധം അവസാനിപ്പിക്കാന്‍ ടൈഗറും ഞാനും തീരുമാനിച്ചു. അദ്ദേഹവുമൊത്തുള്ള ഓര്‍മ്മകളെ ഞാനെന്നും താലോലിക്കും. നിര്‍ഭാഗ്യവശാല്‍, രണ്ടുപേരും വല്ലാത്ത തിരക്കിട്ട ജീവിതമാണ് നയിച്ചത്. അതിനാല്‍ കൂടുതല്‍ കാലവും അകന്നു കഴിയേണ്ടിവന്നു, മുപ്പതുകാരിയായ വോന്‍ എഫ്ബിയില്‍ കുറിച്ചു.
വുഡ്സും അദ്ദേഹത്തിന്റെ സുന്ദരമായ കുടുംബവും എന്നെന്നും മനസിലുണ്ടാവുമെന്നും വോന്‍ കൂട്ടിച്ചേര്‍ത്തു.സ്വീഡിഷ് മോഡല്‍ നോര്‍ഡെഗ്രെന്‍ ആയിരുന്നു വുഡ്സിന്റെ മുന്‍ ഭാര്യ. അവരുമായുള്ള വിവാഹ ബന്ധം 2010ല്‍ വുഡ്സ് വേര്‍പ്പെടുത്തി.
പിന്നാലെ സ്വന്തം നാട്ടുകാരിയായ വോന്‍ വുഡ്സിന്റെ പ്രേയസിയായി. കഴിഞ്ഞമാസം മാസ്റ്റേഴ്സ് ഗോള്‍ഫ് ടൂര്‍ണമെന്റിനിടെയാണ് വുഡ്സിനൊപ്പം വോന്‍ അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.
വുഡ്സിന്റെ മകള്‍ സാം, മകന് ചാര്‍ളി എന്നിവര്‍ അന്ന് വോനിനൊപ്പമുണ്ടായിരുന്നു.
















