ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പ്രവേശനപരീക്ഷ എഴുതാന്‍ പശുവിനും ഹാള്‍ ടിക്കറ്റ് അയച്ച ജമ്മു കശ്മീര്‍ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് (ബിഒപിഇഇ) നടപടി വിവാദത്തിലേക്ക്. മേയ് 10ന് നടക്കുന്ന പോളിടെക്നിക് ഡിപ്ലോമ കോഴ്സിന്റെ പ്രവേശന പരീക്ഷയ്‌ക്കാണ് പശുവിനും അനുമതി കാര്‍ഡ് ലഭിച്ചിരിക്കുന്നത്.
പ്രതിപക്ഷ പാര്‍ട്ടിയായ നാഷനല്‍ കോണ്‍ഫറന്‍സിന്റെ വക്താവ് ജുനൈദ് അസിം മാട്ടു പശുവിന്റെ പേരില്‍ ലഭിച്ച പ്രവേശനപരീക്ഷാ കാര്‍ഡ് തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തായത്. പരീക്ഷ എഴുതുന്ന ആളിന്റെ പേരിന്റെ സ്ഥാനത്ത് കാച്ചിര്‍ ഗാവ് (കശ്മീരി ഭാഷയില്‍ ബ്രൗണ്‍ പശു) എന്നും അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഗുര്‍ ഡാന്‍ഡ് (കാള) എന്നുമാണു നല്‍കിയിരിക്കുന്നത്. പശുവിന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടൊയും നല്‍കിയിട്ടുണ്ട്.
ബെമിനയിലെ ഗവണ്‍മെന്‍റ് സര്‍ക്കാര്‍ കോളേജിലാണ് പശുവിന്റെ പരീക്ഷാ സെന്റര്‍. നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് ജുനൈദ് അസിം മുട്ടു പ്രവേശന പരീക്ഷാ കാര്‍ഡ് ട്വിറ്ററിലിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
സംഭവം പുറത്തായതോടെ വെബ്സൈറ്റില്‍ പ്രവേശനപരീക്ഷാ കാര്‍ഡ് പിന്‍വലിച്ചു. സോഫ്റ്റ്‍വെയറിന്റെ പിഴവു മൂലമാണ് തെറ്റ് സംഭവിച്ചതെന്ന് ബിഒപിഇഇയുടെ എക്സാമിനേഷന്‍ കണ്‍ട്രോളര്‍ ഫറൂഖ് അഹമ്മദ് മിര്‍ വ്യക്തമാക്കി. സോഫ്റ്റവെയറിന് മനുഷ്യന്റെയും മൃഗത്തിന്റെയും മുഖം തിരിച്ചറിയാനുള്ള വ്യത്യാസം അറിയില്ല. ഇതിനാലാണ് ഇത്തരം സംഭവമുണ്ടായത്. പശുവിന്റെ പേരില്‍ വ്യാജ അപേക്ഷ നല്‍കിയ ആളിനെ ഐപി അഡ്രസ് ഉപയോഗിച്ച് കണ്ടുപിടിക്കുമെന്നും അയാള്‍ക്കെതിരേ നടപടിയെടുക്കുമെന്നും മിര്‍ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മിഡീയത്തിലും പശുവിന്റെ ഹാള്‍ ടിക്കറ്റ് വൈറലാണിപ്പോള്‍. കശ്മീരിലെ മന്ത്രിമാര്‍ മുതല്‍ നിരവധി പേര്‍ പശുവിന്റെ ഹാള്‍ ടിക്കറ്റിന്റെ ചിത്രം ലൈക്കും ഷെയറും ചെയ്തിട്ടുണ്ട്. രസകരമായ നിരവധി കമന്‍റുകളും ഹാള്‍ ടിക്കറ്റിന് ലഭിച്ചിരിക്കുന്നു.
















