ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ട്രോഫി ഒരിടവേളയ്‌ക്കുശേഷം ചെല്‍സിയുടെ കൂടാരത്തിലേക്ക്. സൂപ്പര്‍ സണ്‍ഡേയില്‍ ക്രിസ്റ്റല്‍ പാലസിനെ 1-0ന് വീഴ്‌ത്തിയ ചെല്‍സി ചാമ്പ്യന്‍ പട്ടം ഉറപ്പിച്ചു.
45-ാം മിനിറ്റില്‍ ബെല്‍ജിയം പ്ലേ മേക്കര്‍ ഈഡന്‍ ഹസാര്‍ഡാണ് ചെല്‍സിയുടെ ഗോള്‍ കുറിച്ചത്.
നിലവില്‍ നീലപ്പടയ്‌ക്ക് 83 പോയിന്റുണ്ട്. രണ്ടും മൂന്നും സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സനലും (ഇരുവര്‍ക്കും 67) ഇപ്പോള്‍ ചെല്‍സിയെക്കാള്‍ 16 പോയിന്റുകള്‍ക്ക് പിന്നിലാണ്. മൂന്നു റൗണ്ടുകള്‍ അവശേഷിക്കെ സിറ്റിക്കും ആഴ്‌സനലിനും ചെല്‍സിയെ മറികടക്കാന്‍ കഴിയില്ല.
സ്വന്തംതട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സി അല്‍പ്പം പ്രയാസപ്പെടുക തന്നെ ചെയ്തു.
അപകടകാരികളായ ക്രിസ്റ്റല്‍ പാലസ് അവരുടെ തനിനിറം കാട്ടി. പലപ്പോഴും സന്ദര്‍ശകര്‍ ഗോളടിച്ചെന്നുതോന്നി. ചെല്‍സിയും അവശ്യംവേണ്ട ചാന്‍സുകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഒന്നാംപകുതിയവസാനിക്കാന്‍ ഏതാനും നിമിഷങ്ങള്‍ ബാക്കിയിരിക്കെ ജയിംസ് മക്ആര്‍തര്‍ ഹസാര്‍ഡിനോട് പരുക്കന്‍ അടവുകാട്ടി. റഫറി പെനാല്‍റ്റി വിധിച്ചു.
ഹസാര്‍ഡിന്റെ ദുര്‍ബലമായ കിക്ക് ക്രിസ്റ്റല്‍ പാലസ് ഗോളി തട്ടിയകറ്റി. പക്ഷേ, റിബൗണ്ട് വലയിലേക്ക് ഹെഡ്ഡ് ചെയ്ത ബല്‍ജിയം സ്റ്റാര്‍ മാനംകാത്തു.
രണ്ടാം പകുതിയിലും ഇരു സംഘങ്ങളും അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഗോളൊഴിഞ്ഞുനിന്നു.
കഴിഞ്ഞ ദിവസം നടന്ന മറ്റു മത്സരങ്ങളില്‍ ആസ്റ്റണ്‍ വില്ല എവര്‍ട്ടനെയും (3-2) ലിവര്‍പൂള്‍ ക്യൂപിആറിനെയും (2-1) സണ്ടര്‍ ലാന്റ് സതാംപ്റ്റനെയും (2-1) തോല്‍പ്പിച്ചു. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെ വെസ്റ്റ്‌ബ്രോം അട്ടിമറിച്ചു (1-0)
















