മുംബൈ: മുംബൈയില്‍ ഓരോദിവസം 80 പേര്‍ വീതം ഹൃദയാഘാതം മൂലം മരിക്കുന്നതായി വെളിപ്പെടുത്തല്‍. 2014 മാര്‍ച്ച് മുതല്‍ 2015 മാര്‍ച്ച് വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും പേര്‍ മരിച്ചിരിക്കുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 67 പേര്‍ വീതമാണ് മരിച്ചിരുന്നത്.
ബ്രിഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വെളിപ്പെടുത്തല്‍. 2014-2015 മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ 29,393 പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. മുന്‍വര്‍ഷത്തില്‍ 24,603 പേരാണ് ഇത്തരത്തില്‍ മരിച്ചത്.
മുംബൈയില്‍ ഓരോദിവസവും ഉണ്ടാകുന്ന മരണങ്ങളില്‍ 31 ശതമാനവും ഹൃദയാഘാതംമൂലമാണെന്നതാണ് പ്രശ്‌നം ഗുരുതരമാക്കുന്നത്. പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനായ ചേതന്‍ കോത്താരിയാണ് ഇക്കാര്യം ബിഎംസി ആരോഗ്യവകുപ്പില്‍ നിന്നും ശേഖരിച്ചത്. കഴിഞ്ഞ 15 വര്‍ഷമായി ഹൃദയാഘാതം മനുഷ്യജീവന്റെ പ്രധാന വില്ലനായി മാറിക്കഴിഞ്ഞു. ടിബി മൂലം 19 പേരും കാന്‍സര്‍ മൂലം 18 പേരുമാണ് ദിവസേന മരിക്കുന്നത്.
ജെജെ സര്‍ക്കാര്‍ ആശുപത്രയിലെ ഹൃദ്‌രോഗ വിദഗ്ധനായ ഡോ. എന്‍. ഒ. ബന്‍സാല്‍ പറയുന്നത് ജീവിതക്രമങ്ങളാണ് ഇത്തരത്തില്‍ ഹൃദയാഘാതങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ്. ദിവസവും 20 മിനിട്ടെങ്കിലും നടത്തത്തിനോ വ്യായാമത്തിനോ ആയി മാറ്റിവെക്കണമെന്നും അദ്ദേഹം പറയുന്നു.
















