ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ക്കായി പോസ്റ്റല്‍ അക്കൗണ്ടിനെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര വാര്‍ത്താ വിനമയ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് വിലയിരുത്തി. ഇത് പ്രാവര്‍ത്തികമാവുന്നതോടെ ബാങ്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും പോസ്റ്റ് ഓഫീസുകളിലും ലഭ്യമാകും. കൂടാതെ പോസ്റ്റ് ഓഫീസ് അക്കൗണ്ടിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച് സാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിലേക്കും പോസ്റ്റല്‍ അക്കൗണ്ടുകളെ ഉപയോഗപ്പെടുത്താനുള്ള പദ്ധതിയും പൂര്‍ത്തിയായിവരികയാണ്.
ദല്‍ഹി ഡാക് ഭവനില്‍ നടന്ന യോഗത്തില്‍ രവിശങ്കര്‍പ്രസാദ് പോസ്റ്റല്‍ വകുപ്പിന്റെ പുതിയ പദ്ധതികള്‍ സംബന്ധിച്ച് ഉന്നതതല സംഘവുമായി ചര്‍ച്ച നടത്തി. ഇവ പ്രാവര്‍ത്തികമാക്കുന്നതിലുള്ള നടപടിക്രമങ്ങളും വിലയിരുത്തി. പുതിയ പദ്ധതി നടപ്പിലാകുന്നതോടെ രാജ്യത്തെ പോസ്റ്റല്‍ നിക്ഷേപ അക്കൗണ്ടുകള്‍ക്ക് ബാങ്കില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും ലഭിക്കും. പോസ്‌റ്റോഫീസിനെ ഇ കൊമേഴ്‌സുമായി ബന്ധിപ്പിക്കുന്നതോടെ ഭാരതത്തിന്റെ തപാല്‍ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്കു വഴിവെയ്‌ക്കും. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച മുദ്രാ ബാങ്കിന്റെ പ്രാദേശിക ഏജന്‍സിയായി ഇനിമുതല്‍ പോസ്റ്റല്‍ അക്കൗണ്ടുകളെയാണ് നിലനിര്‍ത്തുക.
തപാല്‍ വകുപ്പിനെ ഇ കൊമേഴ്‌സിന്റ ഭാഗമാക്കുന്നതിനായി നിലവിലെ പ്രവര്‍ത്തനശേഷി ഇനിയും കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും യോഗത്തില്‍ രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടികണ്ട് പ്രവര്‍ത്തിച്ചാല്‍ പോസ്റ്റല്‍ വകുപ്പിന് രാജ്യത്തെ ഇകൊമേഴ്‌സ് വിപണി തന്നെ കയ്യടക്കാന്‍ സാധിക്കും. ഇതോടൊപ്പം ഇകൊമേഴ്‌സ് പാഴ്‌സല്‍ വിപണിയിലെ പോസ്റ്റല്‍ വകുപ്പിന്റെ പ്രവര്‍ത്തനവും കേന്ദ്രമന്ത്രി വിലയിരുത്തി.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം പാഴ്‌സല്‍ വരുമാനത്തില്‍ 36 ശതമാനം വര്‍ധനവുണ്ടായി. ക്യാഷ് ഓണ്‍ ഡെലിവറിയിനത്തില്‍ മാത്രം പോസ്റ്റല്‍ വകുപ്പ് 500 കോടി സമാഹരിച്ചിട്ടുണ്ട്. ആമസോണ്‍, ഫഌപ്കാര്‍ട്, സ്‌നാപ്ഡീല്‍, യെപ്മി, നാപ്‌ടോള്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയുള്ള പര്‍ചേസുകളാണ് പോസ്റ്റല്‍ വകുപ്പിലൂടെ വിതരണം ചെയ്തത്.
അതേസമയം സ്പീഡ് പോസ്റ്റ് വിഭാഗത്തിന്റെ സേവനങ്ങള്‍ക്കെതിരെ ലഭിക്കുന്ന പാരാതിയുടെ എണ്ണം കുറഞ്ഞതായി പോസ്റ്റല്‍ വകുപ്പ് സെക്രട്ടറി കാവ്രെ ബാനര്‍ജി അറിയിച്ചു. പരാതിയുടെ എണ്ണം 10,000ല്‍ ഒന്നായി കുറഞ്ഞിട്ടുണ്ട്. ഇതു കൂടാതെ സാധനങ്ങളുടെ ഡെലിവറി സംബന്ധിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ഏര്‍പ്പെടുത്തിയതായും ബാനര്‍ജി അറിയിച്ചു. ഇതൂ കാടാതെ പോസ്റ്റല്‍ വിഭാഗത്തിന്റെ വളര്‍ച്ചയ്‌ക്കായി പുതിയപദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും ബാനര്‍ജി പറഞ്ഞു.
















