മംഗളൂരു: പത്തൊമ്പതാമത് ഫെഡറേഷന്‍ കപ്പ് ദേശീയ സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസം കേരളത്തിന് രണ്ട് സ്വര്‍ണ്ണം. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആര്‍. അനുവും 800 മീറ്ററില്‍ ഒളിമ്പ്യന്‍ ടിന്റു ലൂക്കയുമാണ് കേരളത്തിനായി പൊന്നണിഞ്ഞത്. 800 മീറ്ററില്‍ കേരളത്തിനായി ഇറങ്ങിയ ടിന്റു ലൂക്ക രണ്ട് മിനിറ്റ് 04.14 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് പൊന്നണിഞ്ഞത്.
തമിഴ്‌നാടിന്റെ ഗോമതി 2 മിനിറ്റ് 07.62 സെക്കന്റില്‍ വെള്ളിയും ഹരിയാനയുടെ സുഷ്മ ദേവി 2 മിനിറ്റ് 07.84 സെക്കന്റില്‍ വെള്ളിയും നേടി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 59.13 സെക്കന്റില്‍ പറന്നെത്തിയാണ് അനു. ആര്‍ പൊന്നണിഞ്ഞത്. കര്‍ണ്ണാടകയുടെ അര്‍പ്പിത. എം 1 മിനിറ്റ് 00.79 സെക്കന്റില്‍ വെള്ളിയും തമിഴ്‌നാടിന്റെ ലോകനായകി 1 മിനിറ്റ് 02.99 സെക്കന്റില്‍ വെങ്കലവും സ്വന്തമാക്കി. അതേസമയം കേരളത്തിന്റെ പ്രതീക്ഷയായിരുന്ന വി.വി. ജിഷ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മീറ്റിലെ വേഗതയേറിയ താരങ്ങളായി പുരുഷ വിഭാഗത്തില്‍ അമിയകുമാര്‍ മല്ലിക്കും വനിതാ വിഭാഗത്തില്‍ ശ്രബാനി നന്ദയും തെരഞ്ഞെടുക്കപ്പെട്ടു. ഒഡീഷക്കാരാണ് ഇരുവരും. പുരുഷവിഭാഗത്തില്‍ 10.56 സെക്കന്റില്‍ പറന്നെത്തിയാണ് അമിയ കുമാര്‍ മല്ലിക്ക് മീറ്റിലെ ഫാസ്റ്റസ്റ്റായി മാറിയത്. വനിതാ വിഭാഗത്തില്‍ ശ്രബാനി നന്ദ 11.59 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്നാണ് വേഗതയേറിയ താരമായത്. ദേശീയ ചാമ്പ്യന്‍ ദ്യുതിചന്ദിന് 11.86 സെക്കന്റില്‍ വെള്ളിമെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
മീറ്റിന്റെ ആദ്യ ദിവസം വനിതകളുടെ 5000 മീറ്ററില്‍ പി.യു. ചിത്ര വെള്ളി നേടിയിരുന്നു. തമിഴ്‌നാടിന്റെ എല്‍. സൂര്യക്കാണ് സ്വര്‍ണം. 16 മിനിറ്റ് 56 .29 സെക്കന്റിലാണ് ചിത്ര ഫിനിഷ് ചെയ്തത്. ചിത്രയുടെ കരിയറിലെ ഏറ്റവും നല്ല സമയമാണിത്. 5000 മീറ്ററില്‍ മത്സരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു പത്തൊന്‍പതുകാരിയായ ചിത്ര.
വനിതകളുടെ പോള്‍വോള്‍ട്ടില്‍ തമിഴ്‌നാടിന് വേണ്ടി ഇറങ്ങിയ മലയാളി താരം എസ്. സുരേഖ 3.90 മീറ്റര്‍ ചാടി ആദ്യദിനം പൊന്നണിഞ്ഞപ്പോള്‍ ലോങ്ജമ്പില്‍ ഒഎന്‍ജിസിയുടെ മലയാളിതാരം മയൂഖ ജോണി 6.34 മീറ്റര്‍ ചാടി സ്വര്‍ണ്ണം നേടി. ഈയിനത്തില്‍ കേരളത്തിന് വേണ്ടി മത്സരിക്കാനിറങ്ങിയ നീന. വി 6.12 മീറ്റര്‍ ചാടി വെങ്കലം സ്വന്തമാക്കി. പുരുഷന്മാരുടെ ലോങ്ജമ്പില്‍ ഹരിയാനയുടെ അങ്കിത് ശര്‍മ്മ 7.99 മീറ്റര്‍ ചാടി സ്വര്‍ണ്ണം കരസ്ഥമാക്കിയപ്പോള്‍ കേരളത്തിനായി ഇറങ്ങിയ വി.ഒ. ജിനേഷ് 7.37 ചാടി നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
രണ്ടാം ദിനം ഒരു മീറ്റ് റെക്കോര്‍ഡ് മാത്രമാണ് പിറന്നത്. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ ഹരിയാനയുടെ ഇന്ദര്‍ജീത് സിംഗ് 20.65 മീറ്റര്‍ എറിഞ്ഞാണ് പുതിയ റെക്കോര്‍ഡിന് അവകാശികളായത്. കഴിഞ്ഞ വര്‍ഷം താന്‍ തന്നെ സ്ഥാപിച്ച 19.89 മീറ്ററിന്റെ റെക്കോര്‍ഡാണ് ഇന്ദര്‍ജീത് ഇന്നലെ തിരുത്തിക്കുറിച്ചത്.
രണ്ട് ദിവസത്തെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ തമിഴ്‌നാടിനെ നാലാം (34 പോയിന്റ്) സ്ഥാനത്തേക്ക് പിന്തള്ളി 63 പോയിന്റുമായി കര്‍ണാടകയാണ് ഒന്നാം സ്ഥാനത്ത്. 46 പോയിന്റുമായി പട്ടാളക്കൂട്ടമാണ് രണ്ടാമത്. മൂന്നാമതുള്ള കേരളത്തിന് 40 പോയിന്റുകളുണ്ട്.
















