ഖുല്‍ന: ബംഗ്ലാദേശും പാക്കിസ്ഥാനും തമ്മിലുള്ള ഒന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണര്‍ തമിം ഇഖ്ബാലിന്റെ ഇരട്ട സെഞ്ചുറിയും ഇംറുള്‍ കെയ്സിന്റെ സെഞ്ചുറിയുമാണ് ബംഗ്ലാദേശിന് ആദ്യ ടെസ്റ്റില്‍ സമനില നേടിക്കൊടുത്തത്.
ഒന്നാം ഇന്നിംഗ്സില്‍ 296 റണ്‍സിന്റെ ലീഡ് വഴങ്ങിയ ബംഗ്ലാദേശിന് വേണ്ടി രണ്ടാം ഇന്നിംഗ്സില്‍ തമില്‍ ഇഖ്ബാല്‍ 206 റണ്‍സും ഇംറുള്‍ കെയ്സ് 150 റണ്‍സും നേടി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ബംഗ്ലാദേശിന്റെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടും പടുത്തുയര്‍ത്തി.
312 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 555 റണ്‍സെടുത്തുനില്‍ക്കേയാണ് ഇരുക്യാപ്റ്റന്മാരും സമനിലക്ക് തയ്യാറായത്. ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സില്‍ 332 റണ്‍സെടുത്തപ്പോള്‍ പാക്കിസ്ഥാന് 628 റണ്‍സ് നേടിയിരുന്നു. ആദ്യ ഇന്നിംഗ്സില്‍ പാക്കിസ്ഥാന് വേണ്ടി ഓപ്പണര്‍ മുഹമ്മദ് ഹഫീസ് 224 റണ്‍സ് നേടിയിരുന്നു.
വിക്കറ്റ് നഷ്ടപ്പെടാതെ 273 എന്ന നിലയില്‍ ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായത് സ്കോര്‍ 312-ല്‍ എത്തിയപ്പോഴാണ്. ഓപ്പണര്‍മാര്‍ക്ക് പുറമെ ഷാക്കിബ് അല്‍ ഹസ്സന് 76 റണ്‍സുമായി പുറത്താകാതെ നിന്ന് മികച്ച ബാറ്റിംഗ് നടത്തി. മഹ്മദുള്ള 40 റണ്‍സും സൗമ്യ സര്‍ക്കാര്‍ 33 റണ്‍സും നേടിയപ്പോള്‍ 20 റണ്‍സെടുത്ത ഷുവഗത ഹൊം പുറത്താകാതെ നിന്നു. പാക്കിസ്ഥാനുവേണ്ടി ജുനൈദ് ഖാന്, മുഹമ്മദ് ഹഫീസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. തമീമാണ് മാന്‍ ഓഫ് ദ മാച്ച്.
















