ബെംഗളൂരു: കനത്ത മഴ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-രാജസ്ഥാന്‍ റോയല്‍സ് പോരാട്ടത്തില്‍ ഒലിച്ചുപോയി. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സിന്റെ ഇന്നിംഗ്‌സ് പൂര്‍ത്തിയായതിനുശേഷമെത്തിയ കനത്ത മഴയെത്തുടര്‍ന്നാണ് കളി ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചത്.
മത്സരം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഇരു ടീമുകളും ഓരോ പോയന്റ് വീതം പങ്കിട്ടു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ 7 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 200 റണ്‍സ് അടിച്ചുകൂട്ടി. 45 പന്തില്‍ 9 ഫോറും ഒരു സിക്‌സറുമടക്കം 57 റണ്‍സെടുത്ത എ.ബി. ഡിവില്ലിയേഴ്‌സിന്റെയും 21 പന്തില്‍ നിന്ന് 6 ഫോറും ഒരു സിക്‌സറുമടക്കം പുറത്താകാതെ 45 റണ്‍സെടുത്ത കൗമാരതാരം സര്‍ഫറാസ് ഖാന്റെയും കരുത്തിലാണ് ബെംഗളൂരു 200 റണ്‍സ് അടിച്ചുകൂട്ടിയത്.
മന്‍ദീപ് സിങ് (20 പന്തില്‍ 27), ദിനേശ് കാര്‍ത്തിക് (18 പന്തില്‍ 27) എന്നിവരും ബാംഗ്ലൂരിനായി മികച്ച പ്രകടനം കാഴ്ചവെച്ചു.
രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ടിം സൗത്തി രണ്ടും ധവാല്‍ കുല്‍ക്കര്‍ണി, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്‌ത്തിയപ്പോള്‍ ഡിവില്ലിയേഴ്‌സ് ഉള്‍പ്പെടെ മൂന്നുപേര്‍ റണ്ണൗട്ടായി മടങ്ങി.
















