ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ബാറ്റിങ്ങ്‌നിര താരനിബിഡമാണ്. ഇന്ത്യയുടെ വിരാട് കോഹ്‌ലി, വിന്‍ഡീസിന്റെ ക്രിസ് ഗെയില്‍, ദക്ഷിണാഫ്രിക്കയുടെ ഡിവില്ലിയേഴ്‌സ്… അങ്ങനെ നീളുന്നു അവരുടെ ബാറ്റിങ് ലൈനപ്പ്. ഇതിനിടയിലേക്ക് ഒരു കൗമാരതാരം വന്നെത്തിയിരിക്കുന്നു. മുംബൈയില്‍ നിന്നുള്ള 17 വയസ്സുകാരന്‍ സര്‍ഫറാസ് ഖാന്‍. ഒരൊറ്റ മത്സരത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമെന്ന് വിദഗ്‌ദ്ധര്‍ വിധിയെഴുതിക്കഴിഞ്ഞു സര്‍ഫറാസിനെ. ജാവേദ് മിയന്‍ദാദ്, അരവിന്ദ് ഡിസില്‍വ എന്നിവരുടെ കഴിവിനൊപ്പമാണ് ക്രിക്കറ്റ് രംഗത്തെ വിദഗ്ധര്‍ സര്‍ഫറാസ് ഖാന്റെ കളിയെ വിശേഷിപ്പിക്കുന്നത്. ബുധനാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലായിരുന്നു ബാറ്റുകൊണ്ട് സര്‍ഫറാസ് ഖാന്‍ വിസ്മയം തീര്‍ത്തത്.
പതിനാലാം ഓവറിലെ അഞ്ചാം പന്തില്‍ 51 റണ്‍സ് നേടിയ ഡിവില്ലിയേഴ്‌സ് പുറത്തായശേഷമായിരുന്നു സര്‍ഫറാസ് ക്രീസിലെത്തിയത്. അപ്പോള്‍ സ്‌കോര്‍ 4ന് 124. പിന്നീട് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കണ്ടത് കൗമാര താരത്തിന്റെ യാതൊരു പതര്‍ച്ചയുമില്ലാതെ ആത്മവിശ്വാസത്തോടെ റോയല്‍സ് ബൗളര്‍മാരെ അടിച്ചുപറത്തുന്ന സര്‍ഫ്രാസിനെ. 21 പന്തില്‍ ആറ് ഫോറും ഒരു സിക്‌സറുമടക്കം 45 റണ്‍സടിച്ച് പുറത്താകാതെനിന്ന ഈ കൗമാരതാരത്തിന്റെ സ്‌ട്രൈക്ക്‌റേറ്റ് 214.28 ആയിരുന്നു.
മുന്‍ താരങ്ങളും കമന്റേറ്റര്‍മാരും അക്ഷരാര്‍ത്ഥത്തില്‍ തന്നെ സര്‍ഫറാസിന്റെ പ്രകടനത്തില്‍ അമ്പരന്നിരിക്കുകയാണ്. അതുല്യപ്രതിഭയാണ് ഈ പതിനേഴുകാരനെന്നാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോഗന്‍ ട്വീറ്റ് ചെയ്തത്.
മത്സരം അവസാനിച്ച് സര്‍ഫറാസ് ഗാലറിയിലേക്ക് മടങ്ങുമ്പോള്‍ ബെംഗളൂരുവിന്റെ നായകനും ഇന്ത്യന്‍ ഏകദിന വൈസ് ക്യാപ്റ്റനുമായ വിരാട് കോഹ്‌ലിയുടെ പ്രതികരണം ഏറെ ശ്രദ്ധനേടുകയും ചെയ്തു. താണുതൊഴുതാണ് കോലി സര്‍ഫറാസിനെ സ്വീകരിച്ചത്. കൊച്ചുതാരത്തെ അഭിനന്ദനം കൊണ്ടുമൂടാന്‍ ടീമംഗങ്ങളെല്ലാം ഗ്രൗണ്ടിലെത്തിയിരുന്നു.
ഐപിഎല്ലില്‍ ഇതിനുമുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ സര്‍ഫറാസ് കളിച്ചെങ്കിലും 7 പന്തില്‍ 11 റണ്‍സ് നേടാനേ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ അന്നേ പ്രതിഭയുടെ മിന്നലാട്ടം സര്‍ഫ്രാസ് കാണിച്ചിരുന്നു.
മുംബൈയിലാണ് സര്‍ഫ്രാസ് ക്രിക്കറ്റ് ജീവിതം ആരംഭിച്ചത്. 2009ലെ ഹാരിസ് ഷീല്‍ഡ് ഇന്റര്‍ സ്‌കൂള്‍ മല്‍സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് വാര്‍ത്തകളില്‍ ഇടംനേടിയത്. ആദ്യ കളിയില്‍ 421 പന്തില്‍ 439 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ 56 ഫോറുകളും 12 സിക്‌സുകളും ഉള്‍പ്പെടുന്നു. 12 വയസ്സുള്ളപ്പോഴായിരുന്നു ഇത്.
കഴിഞ്ഞ വര്‍ഷം ദുബായിയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിലൂടെയാണ് സര്‍ഫ്രാസ് ശ്രദ്ധപിടിച്ചുപറ്റുന്നത്. ലോകകപ്പില്‍ 70.30 ശരാശരിയോടെ 211 റണ്‍സാണ് സര്‍ഫറാസ് നേടിയത്. വലംകൈയന്‍ ബാറ്റിങ്ങിനൊപ്പം ഒരു ഓഫ് സ്പിന്നര്‍ കൂടിയാണ് സര്‍ഫറാസ്.
















