കൊല്‍ക്കത്ത: ഒരുദിവസത്തെ ഇടവേളയ്‌ക്കുശേഷം ഐപിഎല്ലില്‍ ഇന്ന് വീണ്ടും സൂപ്പര്‍ പോരാട്ടം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന മത്സരത്തില്‍ ഏറ്റുമുട്ടുന്നത് നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും. ചൊവ്വാഴ്ച ചെന്നൈയില്‍ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രണ്ട് റണ്‍സിന്റെ ആവേശകരമായ വിജയം സ്വന്തമാക്കിയിരുന്നു. ഈ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് ചെന്നൈ ഇന്ന് ഇറങ്ങുന്നത്.
തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് ചെന്നൈ ഇന്ന് എതിരാളികളുടെ തട്ടകത്തില്‍ അങ്കത്തിനിറങ്ങുന്നത്. ഏഴ് മത്സരങ്ങള്‍ കളിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആറ് വിജയങ്ങളുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. രാജസ്ഥാന്‍ റോയല്‍സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ചെന്നൈ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കുശേഷം വിജയവഴിയിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്. അവരുടെ ഒരു മത്സരം മഴയത്ത് ഒലിച്ചുപോവുകയും ചെയ്തിരുന്നു.
ഏഴ് കളികളില്‍ നിന്ന് അഞ്ച് വിജയവും ഒരു പരാജയവുമടക്കം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തും കൊല്‍ക്കത്ത ഏഴ് കളികളില്‍ നിന്ന് മൂന്ന് വിജയവും മൂന്ന് പരാജയവും മഴകാരണം ഉപേക്ഷിച്ച കളിയില്‍ നിന്ന് ലഭിച്ച ഒരു പോയിന്റുമടക്കം 7 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്.
മികച്ച ബാറ്റിംഗ്‌നിരയുണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ കഴിയാത്തതാണ് ഗംഭീറിനെയും കൂട്ടരെയും കുഴക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയ്‌ക്കെതിരെ ഗംഭീര്‍ നേരിട്ട ആദ്യപന്തില്‍ തന്നെ പുറത്താവുകയും ചെയ്തു. ഉത്തപ്പയും ടെന്‍ ഡോഷ്ചാറ്റെയും മാത്രമായിരുന്നു ഈ കളിയില്‍ മികച്ച പ്രകടനം നടത്തിയത്. എങ്കിലും കടലാസില്‍ കൊല്‍ക്കത്ത കരുത്തരാണ്. ഗംഭീറിനൊപ്പം ഓപ്പണര്‍ റോബിന്‍ ഉത്തപ്പ, മനീഷ് പാണ്ഡെ, ആന്ദ്രെ റസ്സല്‍, യൂസഫ് പഠാന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഒറ്റയ്‌ക്ക് കളി ജയിപ്പിക്കാന്‍ കഴിവുള്ളവരാണെങ്കിലും സ്ഥിരത കാഴ്ചവെക്കുന്നില്ല എന്നതാണ് നൈറ്റ് റൈഡേഴ്‌സിനെ കുഴപ്പത്തിലാക്കുന്നത്. ബൗളിംഗ് നിര ഏറെക്കുറെ ഭദ്രമാണ്. പാറ്റ് കുമ്മിന്‍സ്, ഉമേഷ് യാദവ്, ജോഹാന്‍ ബോത്ത, ആന്ദ്രെ റസ്സല്‍ എന്നീ പേസര്‍മാരും, സുനില്‍ നരേയ്ന്‍, പിയൂഷ് ചൗള തുടങ്ങിയ സ്പിന്നര്‍മാരും മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ മോണെ മോര്‍ക്കലിന് കൊല്‍ക്കത്ത വിശ്രമം അനുവദിച്ചിരുന്നു. ഇന്ന് മോര്‍ക്കല്‍ കളിക്കാനിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്.
അതേസമയം സ്മിത്തും ബ്രണ്ടന്‍ മക്കല്ലവും റെയ്‌നയും ഡുപ്ലെസിസും ഉള്‍പ്പെടുന്ന ബാറ്റിംഗ് നിരയും ആശിഷ് നെഹ്‌റയും ഈശ്വര്‍ പാണ്ഡെയും മോഹിത് ശര്‍മ്മ, കെയ്ല്‍ അബോട്ട്, ഡ്വെയ്ന്‍ ബ്രാവോ, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരും മികച്ച രീതിയിലാണ് കഴിഞ്ഞ കളികളില്‍ ബൗള്‍ ചെയ്തിരുന്നത്. എന്നാല്‍ സ്പിന്‍ ബൗളിംഗ് നിയന്ത്രിക്കുന്ന ആര്‍. അശ്വിന്റെ അഭാവം ചെന്നൈ നിരയില്‍ നിഴലിച്ചേക്കാം.
















