ചെന്നൈ: ഐപിഎല്‍ എട്ടാം പതിപ്പില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുഖാമുഖം. ചെന്നൈ തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. എന്നാല്‍ കൊല്‍ക്കത്ത സണ്റൈസേഴ്സിനോടേറ്റ തോല്‍വിക്കും കഴിഞ്ഞ ദിവസം രാജസ്ഥാന് റോയല്‍സുമായുള്ള മത്സരം മഴകാരണം ഉപേക്ഷിക്കുകയും ചെയ്തതിനുശേഷം വിജയവഴിയിലേക്ക് തിരിച്ചെത്താനുമാണ് ഇന്ന് ഇറങ്ങുന്നത്. രാത്രി എട്ടിന് ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് പോരാട്ടം.
ആറ് കളികളില്‍ നിന്ന് അഞ്ച് വിജയവും ഒരു പരാജയവുമടക്കം ചെന്നൈ സൂപ്പര്‍ കിംഗ്സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തും കൊല്‍ക്കത്ത ആറ് കളികളില്‍ നിന്ന് മൂന്ന് വിജയവും മഴകാരണം ഉപേക്ഷിച്ച കളിയില്‍ നിന്ന് ലഭിച്ച ഒരു പോയിന്റുമടക്കം 7 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയിച്ചാല്‍ രാജസ്ഥാന് റോയല്‍സിനെ പിന്തള്ളി അവര്‍ക്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരാന്‍ കഴിയും.
ഓപ്പണര്‍മാരായ ഡ്വെയ്ന്‍ സ്മിത്ത്, ബ്രണ്ടന്‍ മക്കല്ലം, സുരേഷ് റെയ്ന, ഡു പ്ലെസിസ്, ക്യാപ്റ്റന്‍ കൂള്‍ എം.എസ്. ധോണി എന്നിവരുടെ ബാറ്റിംഗ് ഫോമിലാണ് ചെന്നൈയുടെ പ്രതീക്ഷകള്‍ മുഴുവന്‍. ബൗളിംഗ് നിരയില്‍ ചെന്നൈയുടെ വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്റയാണ് തുറുപ്പുചീട്ട്.
ഒപ്പം പേസര്‍മാരായ മോഹിത് ശര്‍മ്മ, ഈശ്വര്‍ പാണ്ഡെ, കെയ്ല്‍ അബോട്ട്, ഡ്വെയ്ന്‍ ബ്രാവോ, സ്പിന്നര്‍മാരായ ആര്. അശ്വിന്, ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരും മികച്ച രീതിയിലാണ് കഴിഞ്ഞ കളികളില്‍ ബൗള്‍ ചെയ്തിരുന്നത്. ഈ താരങ്ങളുടെ കഴിവിലാണ് ചെന്നൈ ഇന്ന് വിജയം പ്രതീക്ഷിക്കുന്നത്.
മികച്ച ബാറ്റിംഗ്നിരയുണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ കഴിയാത്തതാണ് ഗംഭീറിനെയും കൂട്ടരെയും കുഴക്കുന്നത്. ഗംഭീറിനൊപ്പം ഓപ്പണര്‍ റോബിന് ഉത്തപ്പ, മനീഷ് പാണ്ഡെ, ആന്ദ്രെ റസ്സല്‍, യൂസഫ് പഠാന്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ കഴിവുള്ളവരാണെങ്കിലും സ്ഥിരത കാഴ്ചവെക്കുന്നില്ല എന്നതാണ് നൈറ്റ് റൈഡേഴ്സിനെ കുഴപ്പത്തിലാക്കുന്നത്.
ബൗളിംഗ് നിര ഏറെക്കുറെ ഭദ്രമാണ്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണെ മോര്‍ക്കലിനൊപ്പം ഉമേഷ് യാദവ്, ജോഹാന്‍ ബോത്ത, ആന്ദ്രെ റസ്സല്‍ എന്നീ പേസര്‍മാരും, സുനില്‍ നരേയ്ന്, പിയൂഷ് ചൗള തുടങ്ങിയ സ്പിന്നര്‍മാരും മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. എന്നാല്‍ നരേയ്ന്റെ ബൗളിംഗ് ആക്ഷനെ സംബന്ധിച്ച് പരാതി ഉയര്‍ന്നത് നൈറ്റ് റൈഡേഴ്സിനെ ക്ഷീണത്തിലാക്കുമെന്ന് ഉറപ്പാണ്. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ന് നരേയ്ന് കളിക്കാനിറങ്ങുമോ എന്ന കാര്യം ടീം അധികൃതര്‍ മൗനം വെടിഞ്ഞിട്ടില്ല. നരേയ്ന്റെ അഭാവത്തില്‍ സ്പിന്‍ നിര ദുര്‍ബലമാവുമെന്ന് ഉറപ്പാണ്.
















