ചെന്നൈ: ഒത്തുകളിക്കാരെന്നു സംശയിക്കപ്പെടുന്ന ആളിനൊപ്പം തന്നെ കണ്ടെന്ന ഐസിസി ആരോപണത്തിനെതിരെ ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ രംഗത്ത്. ഐസിസി ചെയര്മാന് എന്‍. ശ്രീനിവാസനെ കടന്നാക്രമിച്ച അനുരാഗ്, തന്റെ സ്ഥാനലബ്ധിയോട് പൊരുത്തപ്പെടാന്‍ അദ്ദേഹത്തിനായിട്ടില്ലെന്നും തുറന്നടിച്ചു.
സംശമുള്ള ഒത്തുകളിക്കാരുടെ പട്ടിക കൈമാറണെമെന്നു ശ്രീനിവാസന് അയച്ച കത്തില്‍ അനുരാഗ് കളിയാക്കി. ബിസിസിഐ തെരഞ്ഞെടുപ്പില്‍ ശ്രീനിവാസന്റെ എതിര്‍ചേരിയില്‍ നിന്നാണ് അനുരാഗ് താക്കൂര്‍ മത്സരിച്ച് ജയിച്ചത്.
ഇന്ത്യയില്‍ സംശയത്തിന്റെ നിഴലിലുള്ള ഒത്തുകളിക്കാരുടെ പട്ടിക താങ്കള്‍ നല്‍കണം. അങ്ങനെയെങ്കില്‍ അവരില്‍ നിന്ന് അകന്നു നില്ക്കാനാവും. വാതുവയ്പ്പില്‍ കുറ്റക്കാരാണെന്നു തെളിയിക്കപ്പെട്ട താങ്കളുടെ കുടുംബാംഗങ്ങളുടെ വിവരങ്ങളും നല്‍കണം, അനുരാഗ് കത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്മാന് രാജീവ് ശുക്ല പറഞ്ഞു.
എനിക്കതെക്കുറിച്ച് അറിയില്ല. കാര്യങ്ങള്‍ അറിഞ്ഞശേഷം സംസാരിക്കാം. ഒരു തെളിവും ലഭിച്ചിട്ടില്ല, ശുക്ല വ്യക്തമാക്കി.
അനുരാഗിന് ഒത്തുകളിക്കാരുമായി ബന്ധമുണ്ടെന്ന വാര്‍ത്തയില്‍ മുന്‍ ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ കീര്‍ത്തി ആസാദ് അതിശയം പ്രകടിപ്പിച്ചു. അനുരാഗിന് അത്തരൊമൊരു ബന്ധമുണ്ടാവുമെന്ന് കരുതുന്നില്ല. പക്ഷേ, ബിസിസിഐയില്‍ എന്തു സംഭവിച്ചാലും അത്ഭുതമില്ല. സംഘടനയിലെ ആരും അഴിമതി തടയാന്‍ ഉറച്ച തീരുമാനങ്ങളെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
















