ലണ്ടന്‍: പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്റെ പ്ലയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ചെല്‍സി താരം ഈഡന്‍ ഹസാര്‍ഡിന്. 2014-15 സീസണില്‍ ചെല്‍സിക്കായി മിന്നുന്ന പ്രകടനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഹസാര്‍ഡിനെ ഈ ബഹുമതിക്കായി തെരഞ്ഞെടുത്തത്. പ്രീമിയര്‍ ലീഗില്‍ ഈ സീസണിലെ 33 മത്സരങ്ങളില്‍ നിന്നായി 13 ഗോളുകള്‍ നേടിയതും എട്ടെണ്ണത്തിന് വഴിയൊരുക്കിയതുമാണ് ഹസാര്‍ഡിനെ അവാര്‍ഡ് ജേതാവാക്കിയത്.
2012 മുതല്‍ ചെല്‍സിക്ക് വേണ്ടി ബൂട്ടുകെട്ടുന്ന 24കാരനായ ബെല്‍ജിയം താരമായ ഹസാര്‍ഡ് 101 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകള്‍ നേടിയിട്ടുണ്ട്. 2008 മുതല്‍ ബെല്‍ജിയം ദേശീയ ടീമില്‍ അംഗമായ ഹസാര്‍ഡ് 56 കളികളില്‍ നിന്ന് ഏഴ് ഗോളുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മികച്ച യുവ താരത്തിനുള്ള പിഎഫ്എ അവാര്‍ഡ് ഹസാര്‍ഡിനായിരുന്നു.
മികച്ച യുവകളിക്കാരനുള്ള അവാര്‍ഡ് ടോട്ടനത്തിന്റെ 21കാരനായ ഹാരി കെയ്‌നും മികച്ച വനിതാ താരമായി ചെല്‍സിയുടെ ജി സൊ യുനും തെരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷം ടോട്ടനത്തിനായി 30 ഗോളുകള്‍ നേടിയ പ്രകടനമാണ് ഹാരി കെയ്‌ന് അവാര്‍ഡ് നേടിക്കൊടുത്തത്. അതേസമയം പിഎഫ്എ മെറിറ്റ് അവാര്‍ഡ് ഫ്രാങ്ക് ലംപാര്‍ഡും സ്റ്റീവന്‍ ജെറാര്‍ഡും പങ്കിട്ടു.
















