ന്യൂദല്‍ഹി: നേപ്പാള്‍ ജനതയുടെ കണ്ണീരൊപ്പാം ഭാരതം പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന മന്‍ കി ബാത് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേപ്പാളിലെ ഭൂചലനത്തെപ്പറ്റിയായിരുന്നു ഇന്ന് അദ്ദേഹം സംസാരിച്ചത്.മന്‍ കി ബാത് നടത്താന്‍ കഴിയുന്ന ഒരവസ്ഥയിലല്ല ഇന്ന് താന്‍ എന്ന് പറഞ്ഞു കൊണ്ടാണ് മോദി പരിപാടി ആരംഭിച്ചത് .
നേപ്പാളിന്റെ ദുഖം ഭാരതത്തിന്റെ ദുഖമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി സേവനമാണ് പരമമായ ധര്‍മ്മമെന്ന സന്ദേശം ലോകത്തിനു കാണിച്ചു കൊടുക്കലാണ് ഭാരതത്തിന്റെ കര്‍ത്തവ്യമെന്നും അഭിപ്രായപ്പെട്ടു.
നേപ്പാളിലെ സഹോദരീ സഹോദന്മാര്‍ക്കൊപ്പം ഈ ദുരന്തത്തെ അതിജീവിക്കാന്‍ എല്ലാ വിധ പിന്തുണയുമായും ഇന്ത്യ നല്‍കും. മറ്റുള്ളവരെ സഹായിക്കുക എന്നത് ഇന്ത്യയുടെ പ്രാചീനകാലം മുതലുള്ള പാരമ്പര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും അവരെ രക്ഷപെടുത്തുന്നതാണ് നമ്മളുടെ പ്രഥമ പരിഗണനയെന്നും മോദി പറഞ്ഞു. അതിന് ശേഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങളും നടത്തും.
2001 ജനുവരി 26ന് ഗുജറാത്തിലെ കച്ചിലുണ്ടായ ഭൂകന്പം താന്‍ അടുത്ത് നിന്ന് കണ്ടതാണ്. ആ ദുരന്തം എത്ര ഭയാനകമായിരുന്നെന്ന് തനിക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നമ്മള്‍ തിരികെയെത്തിച്ചിരുന്നെന്നും യെമനിലെ നമ്മളുടെ രക്ഷാപ്രവര്‍ത്തനം വളരെ പ്രശംസ ഏറ്റുവാങ്ങിയിരുന്നെന്നും മോദി പറഞ്ഞു.
ബാബാ സാഹേബ് അംബേദ്ക്കറിന്റെ നൂറ്റി ഇരുപത്തിയഞ്ചാം ജന്മവാര്‍ഷികം നാം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന് മുംബയില്‍ സ്മാരകം നിര്‍മ്മിക്കാന്‍ ഇന്ത്യ ഗവണ്‍മെന്റ് അനുമതി നല്‍കിയതില്‍ വളരെ സന്തോഷമുണ്ട്. എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കണമെന്ന് വ്യക്തമാക്കിയ വ്യക്തിയാണ് അംബേദ്ക്കര്‍. നമ്മളുടെ രാജ്യത്ത് ആരും നിരക്ഷരരല്ലെന്ന് നാം ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥികള്‍ അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണെന്നറിയാമെന്ന് പറഞ്ഞ പ്രധാനമന്ത്രി അവധിക്കാലം കൂടുതല്‍ സന്തോഷഭരിതമാകട്ടെയെന്നും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അവസരമുണ്ടാകട്ടെയെന്നും ആശംസിച്ചു .
















