ജയ്‌പൂര്‍: മോദിസര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അഴിമതിയുടെ ആരോപണങ്ങള്‍ പോലും എങ്ങുനിന്നും ഉയരാത്തത് സര്‍ക്കാരിന്റെ വന്‍നേട്ടമാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനങ്ങളില്‍ പോലും അഴിമതിയാരോപണമില്ല.
ഇത് വമ്പിച്ച നേട്ടമാണ്, സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തോടനുബന്ധിച്ചുള്ള റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഷാ. ബിജെപി കര്‍ഷകരെക്കുറിച്ചു പറയുമ്പോള്‍ എതിര്‍ക്കാനും അവകാശവാദം പറയാനും കോണ്‍ഗ്രസിന് ഒരു അധികാരവുമില്ലെന്ന് ഷാ പറഞ്ഞു. രാജസ്ഥാനിലും ഹരിയാനയിലും സോണിയയുടെ കുടുംബാംഗങ്ങള്‍ കര്‍ഷകരുടെ ഭൂമി വന്‍തോതില്‍ കൈയടക്കിവെച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയുടെ മരുമകന്‍ ഹരിയാനയിലും രാജസ്ഥാനിലും കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തുവെന്ന കേസില്‍ ആരോപിതനാണ്. വാദ്ര അതു നിഷേധിച്ചിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ, മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കു ദ്രോഹമാണ് ചെയ്യുന്നതെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം നുണയാണ്.
മോദി സര്‍ക്കാര്‍ രാജ്യവികസനത്തിനും സാധാരണക്കാരുടെ ഉന്നമനത്തിനും ഒട്ടേറെ നടപടികള്‍ കൈക്കൊണ്ടു. ജന്‍ധന്‍ പദ്ധതിയില്‍ 11 മാസത്തിനിടെ 14 കോടി കുടുംബങ്ങള്‍ അംഗങ്ങളായി.
മോദി ഭരണത്തില്‍ വളര്‍ച്ചാ നിരക്ക് 5.7 ആയി ഉയര്‍ന്നു. അതിര്‍ത്തികള്‍ സുരക്ഷിതമായി. ഈ മാസാവസാനത്തോടെ പുതുതായി ബിജെപിയില്‍ ചേരുന്ന അംഗങ്ങളുടെ എണ്ണം 85 ലക്ഷം ആക്കുമെന്ന് യോഗത്തില്‍ സംസാരിച്ച മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ പറഞ്ഞു.
ന്യൂദല്‍ഹിയില്‍ എഎപി റാലിക്കിടെ കൊല്ലപ്പെട്ട ഗജേന്ദ്രയുടെ അച്ഛന്‍ എഴുതിയ കത്ത് യോഗത്തില്‍ മുഖ്യമന്ത്രി വായിച്ചു. കേസന്വേഷണത്തിന് സിബിഐയെ ചുമതലപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെടണമെന്നാണ് കത്തിലെ ഉള്ളടക്കം. ഗജേന്ദ്ര സിങ്ങിന്റെ കുടുംബത്തിന്റെ ആവശ്യം സാധ്യമാക്കുന നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് വൈദ്യുതി നിരക്കു കൂട്ടില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അംരൂദോം കാ ബാഗില്‍ നടന്ന റാലിക്കു മുമ്പ് അമിത് ഷാ ആര്‍എസ്എസ്-ബിജെപി ആസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു.
















