ബംഗളൂരു: ഐപിഎല്ലില്‍ കരുത്തരായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനുമേല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയമൊരുക്കിയത് പേസര്‍ ആശിഷ് നെഹ്‌റയുടെ ബൗളിംഗാണെന്ന് സഹതാരം സുരേഷ് റെയ്‌ന. 32 പന്തില്‍ 62 റണ്‍സ് വാരിയ റെയ്‌നയായിരുന്നു മാന്‍ ഓഫ് ദ മാച്ച്. നാലു വിക്കറ്റ് പിഴുത നെഹ്‌റ റോയല്‍ ചലഞ്ചേഴ്‌സിന് മൂക്കുകയറിടുകയും ചെയ്തിരുന്നു.
ടീമിലെ ഏറ്റവും പരിചയസമ്പന്നനായ ബൗളറാണ് നെഹ്‌റ. എപ്പോള്‍ ആക്രമിക്കണം എപ്പോള്‍ നിയന്ത്രിച്ചു പന്തെറിയണമെന്നൊക്കെ അദ്ദേഹത്തിന് നന്നായറിയാം. മോഹിത് ശര്‍മ്മയ്‌ക്കും ഇശ്വര്‍ പാണ്ഡെയ്‌ക്കും നെഹ്‌റ നല്ല ഉപദേശങ്ങള്‍ നല്‍കുന്നു. ഇന്ത്യന്‍ ടീമിനുവേണ്ടി നെഹ്‌റ മികച്ച പ്രകടനം കാഴ്്ച്ചവച്ചിട്ടുണ്ട്. ഇപ്പോള്‍ സിഎസ്‌കെയ്‌ക്കായും മിന്നുന്നു. ജയത്തിന്റെ ക്രെഡിറ്റ് പന്തേറുകാര്‍ക്കുള്ളതാണ്. പ്രത്യേകിച്ച് നെഹ്‌റയ്‌ക്ക്, റെയ്‌ന പറഞ്ഞു.
റോയല്‍ ചലഞ്ചേഴ്‌സ് ക്രിസ് ഗെയ്‌ലിനെ ഒഴിവാക്കിയത് അതിശയിപ്പിച്ചു. ആദ്യ ആറ് ഓവറില്‍ അവരുടെ തുടക്കം നന്നായില്ല. നെഹ്‌റ കൃത്യതയോടെ പന്തെറിഞ്ഞു. 180പോലൊരു സ്‌കോര്‍ പിന്തുടരുമ്പോള്‍ നല്ല തുടക്കം അനിവാര്യമെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച രാത്രി നടന്ന കളിയില്‍ 27 റണ്‍സിനായിരുന്നു ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ വിജയം. ചെന്നൈ ഉയര്‍ത്തിയ 182 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് വേണ്ടി സുരേഷ് റെയ്‌നക്ക് പുറമെ 39 റണ്‍സെടുത്ത ഡ്വെയ്ന്‍ സ്മിത്തും 33 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഡു പ്ലെസിസും മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. മറുപടി ബാറ്റിംഗിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് സ്‌കോര്‍ബോര്‍ഡില്‍ 33 റണ്‍സായപ്പോഴേക്കും ഓപ്പണര്‍മാരായ ബിസ്‌ലയെയും (17), റൊസ്സോവിനെയും (14) നെഹ്‌റ പുറത്താക്കി.
പിന്നീട് 51 റണ്‍സെടുത്ത വിരാട് കോഹ്‌ലിയെയും ഹര്‍ഷല്‍ പട്ടേലിനെയും (0) പുറത്താക്കിയതും ആശിഷ് നെഹ്‌റയാണ്. നാല് ഓവറില്‍ വെറും പത്ത് റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് നെഹ്‌റ പിഴുതത്. കരിയറിലെ ഏറ്റവും മികച്ച ബൗളിംഗായിരുന്നു നെഹ്‌റ കാഴ്ചവെച്ചത്. ഈശ്വര്‍ പാണ്ഡെ, രവീന്ദ്രജഡേജ, ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.
















